പനാമ പേപ്പര്‍; പാക്കിസ്ഥാന്റെ പാത ഇന്ത്യ പിന്തുടരില്ലെന്ന് അരുണ്‍ ജെയ്റ്റലി

By web deskFirst Published Aug 10, 2017, 10:19 PM IST
Highlights

ദില്ലി: നിയമവിധേയമായേ പനാമ പേപ്പര്‍ വിഷയത്തില്‍ നടപടികളെടുക്കുവെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റലി. വിദേശ അക്കൗണ്ടുകളുടെ കാര്യത്തില്‍ മറ്റൊരു സര്‍ക്കാരും ഇത്രത്തോളം അന്വേഷണം നടത്തിയിട്ടില്ലെന്ന് ധനമന്ത്രി പറഞ്ഞു. അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ വിചാരണനടപടികള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി പാര്‍ലമെന്‍റിനെ അറിയിച്ചു. രാജ്യസഭയില്‍ ബാങ്കിംഗ് റഗുലേഷന്‍ ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയിലാണ് ജെയ്റ്റലിയുടെ മറുപടി.

പുറത്തു വന്ന എല്ലാ അക്കൗണ്ടുകളും വിവിധ ഏജന്‍സികള്‍ പരിശോധിച്ചു വരികയാണെന്ന് മറുപടിയില്‍ പറയുന്നു. നിരപരാധികള്‍ ശിക്ഷിക്കപ്പെടില്ലെന്നും പാക്കിസ്ഥാന്‍ മാതൃകയില്‍ നടപടിക്കു ശേഷം വിചാരണ നടത്തില്ലെന്നും അരുണ്‍ ജയ്റ്റലി പറഞ്ഞു. പനാമ രേഖകള്‍ പുറത്തായതിനെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് സ്ഥാനഭ്രഷ്ടനായിരുന്നു.  

എല്ലാ കേസുകളും ഉത്തരവാദിത്തപ്പെട്ട അതോറിറ്റികള്‍ കൃത്യമായി പരിശോധിക്കുമെന്ന് അരുണ്‍ ജെയ്റ്റലി പാര്‍ലമെന്‍റിന് ഉറപ്പു നല്കി. കേസ് കോടതിയിലെത്തും വരെ പേരുവിവരങ്ങള്‍ രഹസ്യമായിരിക്കുമെന്ന് അരുണ്‍ ജയ്റ്റലി വ്യക്തമാക്കി. എന്നാല്‍ വിചാരണ തുറന്ന കോടതിയില്‍ നടക്കുമെന്ന സൂചന അരുണ്‍ ജയ്റ്റലി നല്കി. പ്രമുഖ ലോക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വിദേശ നിക്ഷേപങ്ങളുടെ വിവരങ്ങളാണ് പനാമ പേപ്പറിലൂടെ പുറത്തു വന്നത്. 

click me!