പി.വി അന്‍വറിന്റെ പാര്‍ക്ക് വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് പഞ്ചായത്ത് ഉപസമിതി യോഗം

By Web DeskFirst Published Aug 31, 2017, 7:47 AM IST
Highlights

പി.വി അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്ക് വിഷയം ചര്‍ച്ച ചെയ്യാന്‍‍ കൂടരഞ്ഞി പഞ്ചായത്ത് ഉപസമിതി ഇന്ന് യോഗം ചേരും. നിലവിലെ സാഹചര്യം അനുസരിച്ച് പാര്‍ക്കിന് അനുകൂലമായ റിപ്പോര്‍ട്ടാകും ഉപസമിതി നല്‍കുകയെന്നാണ് സൂചന. അന്തിമ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പഞ്ചായത്ത് ഭരണ സമിതിയും ഇന്ന് വൈകുന്നേരം ചേരുന്നുണ്ട്.

മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഫയര്‍ ആന്റ് സേഫ്റ്റി, ആരോഗ്യ വിഭാഗം എന്നിവയുടെ റിപ്പോര്‍ട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ഇന്നലെ ചേരാന്‍ നിശ്ചയിച്ചിരുന്ന കൂടരഞ്ഞി പഞ്ചായത്ത് ഉപസമിതി യോഗം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പി.വി അന്‍വറിന്റെ പാര്‍ക്ക് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്ത് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കും. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ ഏഴ് അംഗങ്ങളാണ് ഉപസമിതിയിലുള്ളത്.

പാര്‍ക്കിന് നേരത്തെ നല്‍കിയ രേഖകളില്‍ ഏതെങ്കിലും റദ്ദാക്കിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഫയര്‍ ആന്റ് സേഫ്റ്റി, ആരോഗ്യ വിഭാഗം എന്നിവയോട് ഉപസമിതി റിപ്പോര്‍ട്ട് തേടിയിരുന്നത്. എന്നാല്‍ മറുപടി റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ രേഖകളില്‍ മാറ്റങ്ങളൊന്നുമില്ല എന്ന നിഗമനത്തില്‍ ഉപസമിതി എത്താനാണ് സാധ്യത. അതേസമയം ഉപസമിതിയുടെ അന്തിമ റിപ്പോര്‍ട്ട് അന്‍വറിന് അനുകൂലമാക്കാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അടക്കമുള്ളവയുടെ മറുപടി വൈകുന്നതെന്ന്  ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഉപസമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പഞ്ചായത്ത് ഭരണസമിതി വൈകുന്നേരം യോഗം ചേരുന്നുണ്ട്. പഞ്ചായത്ത് ഭരണ സമിതിക്ക് മുന്നോടിയായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഇന്നലെ വൈകീട്ട് യോഗം ചേര്‍ന്നിരുന്നു. ഭരണ സമിതി യോഗത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നത് സംബന്ധിച്ച് തീരുമാനിക്കാനായിരുന്നു ഈ യോഗം.

click me!