കത്വ പീഡനം; ആ പെണ്‍ കുഞ്ഞിന് നീതി വേണം : പുരസ്കാര നിറവിലും പ്രതിഷേധവുമായി പാര്‍വ്വതി

By Web DeskFirst Published Apr 13, 2018, 3:46 PM IST
Highlights
  • കൊലചെയ്യപ്പെട്ട എട്ട് വയസ്സുകാരി പെണ്‍കുട്ടിയ്ക്ക് നീതി തേടി നടി പാര്‍വ്വതി

കാശ്മീരിലെ കത്വയില്‍ കൂട്ടബലാത്സംഗത്തിനിരയായി അതിക്രൂരമായി കൊലചെയ്യപ്പെട്ട എട്ട് വയസ്സുകാരി പെണ്‍കുട്ടിയ്ക്ക് നീതി തേടി നടി പാര്‍വ്വതി.  തന്‍റെ ഫേസ്ബുക്ക് ട്വിറ്റര്‍ പേജിലൂടെയാണ് പെണ്‍കുട്ടിയ്ക്ക് നീതിവേണമെന്ന ആവശ്യവുമായി പാര്‍വ്വതി എത്തിയത്. മണിക്കൂറുകള്‍ക്ക് മുമ്പാണ് പാര്‍വ്വതിയ്ക്ക് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചത്. പുരസ്കാരം ലഭിച്ചതിനെ കുറിച്ചായിരുന്നില്ല, കാശ്മീരിലെ കരുന്ന് അനുഭവിച്ച വേദനയെ കുറിച്ചാണ് പാര്‍വ്വതി പ്രതികരിച്ചത്.

പെണ്‍കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ ബക്കര്‍വാള്‍ സമൂഹത്തിന്റെ പ്രക്ഷോഭം വ്യാപകമായിരുന്നു. ഈ പ്രക്ഷോഭങ്ങല്‍ക്കൊടുവില്‍ ജനുവരി 22നാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറുന്നത്. ഇതിനിടെ പ്രതിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹിന്ദു ഏക്ത മഞ്ച് എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഫെബ്രുവരിയിലായിരുന്നു ദേശീയ പതാക ദുരുപയോഗം ചെയ്തുകൊണ്ടുള്ള പ്രതിഷേധം.

കൊല്ലപ്പെടുന്നതിനു മുന്പ് പെണ്‍കുട്ടി മൂന്നു തവണ കൂട്ടബലാത്സംഗത്തിനിരയായെന്നും രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുടെ സംഘമാണ് കുഞ്ഞിനെ മൂന്നു വട്ടം കൂട്ടബലാത്സംഗം ചെയ്തതെന്നും ബലാത്സംഗത്തിന് മുമ്പ് മയക്കുമരുന്ന് നല്‍കിയെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

click me!