
ആലപ്പുഴ: കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ നവംബറിലും ആലപ്പുഴയില്‍ പക്ഷി പനി പടരുന്നതായി സംശയം. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് വളര്‍ത്തിയ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. അമ്പലപ്പുഴയുടെ വിവിധ ഭാഗങ്ങളിലാണ് കഴിഞ്ഞ പത്തു ദിവസമായി താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കോതോലുത്തറ സന്തോഷിന്റെയും, പാര്‍ട്ടണര്‍മാരായ സതീഷ്, സത്യന്‍ എന്നിവരുടെയും ആയിരക്കണക്കിന് താറാവുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചത്തിരുന്നു. കഞ്ഞിപ്പാടം കാവില്‍ ഭാഗം പാടശേഖരത്ത് തീറ്റക്കായി ഇറക്കിയ താറാവുകളാണ് രോഗം ബാധിച്ച് ചത്തത്.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മഞ്ഞാടിയിലെ പക്ഷി ഗവേഷണ കേന്ദ്രത്തില്‍ പരിശോധിച്ചിരുന്നു. പക്ഷികള്‍ക്കു വരുന്ന ഹൃദ്രോഗത്തിനുള്ള മരുന്നുകളായ സൂപ്പര്‍ കോക്‌സ്, ബയോട്രിന്‍ എന്നീ മരുന്നുകളാണ് അവര്‍ നല്‍കിയത്. മരുന്ന് നല്‍കിയിട്ടും താറാവുകള്‍ കുഴഞ്ഞു വീണ് ചത്തു കൊണ്ടിരിക്കുകയാണെന്ന് സന്തോഷ് പറയുന്നു. തങ്ങള്‍ക്കുള്ള 15000 ത്തോളം താറാവുകള്‍ക്കും എല്ലാ വാക്‌സിനുകളും എടുത്തിരുന്നതായും ഇവര്‍ പറഞ്ഞു. കഞ്ഞിപ്പാടം രജനി നിവാസില്‍ അജിമോന്‍, വണ്ടാനം കന്യക്കോണില്‍ അജി, കരുമാടി സ്വദേശി തുളസി എന്നിവരുടെ താറാവുകളും രോഗബാധയാല്‍ ഓരോ ദിവസവും കുഴഞ്ഞു വീണു ചത്തു കൊണ്ടിരിക്കുന്നു.
ചമ്പക്കുളം, ചെമ്പുമ്പറം, നെടുമുടി, പുറക്കാട് തുടങ്ങിയ മേഖലയിലും താറാവു രോഗം പടരുകയാണെന്ന് പറയപ്പെടുന്നു. അമ്പലപ്പുഴയില്‍ 10000 ത്തോളം താറാവുകള്‍ രോഗം ബാധിച്ച് ചത്തിട്ടും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഇതെവരെ ഉണ്ടായില്ലെന്നും താറാവു കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷവും ഇതേപോലെ താറാവുകള്‍ കൂട്ടത്തോടെ ചത്തെങ്കിലും നാമമാത്രമായ നഷ്ട പരിഹാരമാണ് ലഭിച്ചതെന്നും ഇവര്‍ പറയുന്നു.
ജില്ല ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഷാജി ജോസഫും സംഘവും രോഗം ബാധിച്ച് താറാവുകള്‍ ചത്ത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. അമ്പലപ്പുഴ വടക്കു പഞ്ചായത്ത്, പുറക്കാട് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച വെറ്ററിനറി സംഘം ചത്ത രണ്ടു താറാവുകളെ വീതം വിദഗ്ദ പരിശോധനക്കായി തിരുവല്ലയിലെ മഞ്ഞാടിയിലെ പരിശോധനാ ലാബിലേക്കയച്ചു. ബാക്ടീരിയ മൂലമുള്ള അണുബാധയായ പാസ്റ്ററെല്ല എന്ന രോഗം മൂലമാണ് താറാവുകള്‍ ചത്ത തെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞവര്‍ഷം ഉണ്ടായതുപോലുള്ള പക്ഷിപ്പനി ഒരു സ്ഥലത്തും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. അണുബാധ മൂലമുള്ള നാശത്തിന് നഷ്ടപരിഹാരം കിട്ടില്ല.
ഈ രോഗത്തിന് വാക്‌സിനേഷന്‍ ലഭ്യമാണ്. മങ്കൊമ്പ് വിറ്ററിനറി പോളിക്ലിനിക്കില്‍ നിന്നും ആവശ്യത്തിന് മരുന്നുകള്‍ അമ്പലപ്പുഴയിലെയും, പുറക്കാട്ടെയും മൃഗാശുപത്രികളില്‍ എത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണെന്നും മെഡിക്കല്‍ സംഘം പറഞ്ഞു. എന്നാല്‍ താറാവുകര്‍ഷകരുടെ പൂര്‍ണ പിന്തുണ ഇതിനാവശ്യമാണ്. യഥാസമയം മരുന്നുകള്‍ താറാവുകള്‍ക്ക് നല്‍കണം. പുറക്കാട് ഷാജി കുര്യന്റെ 1285 താറാവുകളും അമ്പലപ്പുഴ വടക്ക് 6 താറാവുകര്‍ഷകരുടെ 1804 താറാവുകളും പാസ്റ്ററെല്ല രോഗംമൂലം ചത്തിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. ഇത് ഔദ്യോഗിക കണക്കാണ്. താറാവു കര്‍ഷകര്‍ വളര്‍ത്തുന്ന താറാവുകളുടെ കൃത്യമായ കണക്ക് എല്ലാ മൃഗാശുപത്രികളിലും ഉണ്ടെന്നും ഇവര്‍ പറഞ്ഞു. ഡോ .ഷാജി ജോസഫിനൊപ്പം ഡോ.ഷെറിന്‍ സേവ്യര്‍, ഡോ.ബിജു, ഡോ. പ്രിന്‍സ് എന്നിവരും മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam