റോണോയുടെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ പോവരുത്; ഇവ്രയുടെ മുന്നറിയിപ്പ്

By Web DeskFirst Published Jun 24, 2018, 7:25 PM IST
Highlights
  • ഉഗ്രന്‍ വിരുന്ന് പ്രതീക്ഷിച്ച ഇവ്രയ്ക്ക് കിട്ടിയത് സലാഡും പുഴുങ്ങിയ കോഴിയിറച്ചിയും മാത്രം

മോസ്‌കോ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സുഹൃത്തുക്കള്‍ക്ക് മുന്‍താരം പാട്രിസ് ഇവ്രയുടെ മുന്നറിയിപ്പ്. റൊണാള്‍ഡോ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് ക്ഷണിച്ചാല്‍ ആരും പോകരുതെന്നാണ് ഇവ്ര പറയുന്നത്.

പോര്‍ച്ചുഗലിനെ ഒറ്റയ്ക്ക് ചുമലിലേറ്റുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റഷ്യയില്‍ താരങ്ങളില്‍ താരമാണ്. ആരാധകരുടെയും സഹതാരങ്ങളുടെയും പ്രിയപ്പെട്ടവനാണെങ്കിലും റോണാള്‍ഡോ വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചാല്‍ ആരും പോകരുതെന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സഹതാരമായിരുന്ന പാട്രിസ് ഇവ്രയുടെ മുന്നറിയിപ്പ്. 

വെറുതെ പറയുന്നതല്ല ഇവ്ര, നേരനുഭവത്തില്‍ നിന്നാണ്. സംഭവം ഇങ്ങനെ- ഇവ്രയും റോണോയും യുണൈറ്റഡില്‍ ഒരുമിച്ച് കളിക്കുന്ന കാലം. പരിശീലനത്തിന് ശേഷം റോണോ ഭക്ഷണം കഴിക്കാനായി ഇവ്രയെ വീട്ടിലേക്ക് ക്ഷണിച്ചു. ഉഗ്രന്‍ വിരുന്ന് പ്രതീക്ഷിച്ച ഇവ്രയ്ക്ക് കിട്ടിയത് സലാഡും പുഴുങ്ങിയ കോഴിയിറച്ചിയും മാത്രം. ജ്യൂസോ...വെള്ളമോ പോലുമില്ല. 

കിട്ടിയതാവട്ടെ എന്ന് കരുതി കഴിക്കുന്നതിനിടെ റോണായുടെ അടുത്ത ആവശ്യമെത്തി. വീട്ടില്‍ ടു ടച്ച് പരിശീലനം നടത്തണം. ഗ്രൗണ്ടിലെ പരിശീലനത്തില്‍  റൊണാള്‍ഡോ തൃപ്തനായിരുന്നില്ല എന്നതാണ് കാരണം. മനസില്ലാ മനസോടെ പരിശീലനത്തിന് ഒപ്പംകൂടിയിട്ടും ഇവ്രയെ വിടാന്‍ സൂപ്പര്‍താരം ഒരുക്കമായിരുന്നില്ല. ഇവ്രയെ നീന്തല്‍ക്കുളത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഭക്ഷണം കഴിച്ചിട്ട് പോരേയെന്ന് ചോദിച്ചപ്പോള്‍ നാളെ മത്സരമുണ്ട് അതിനായി തയ്യാറെടുക്കേണ്ടേ എന്നായിരുന്നു മറുചോദ്യം. 

കൂട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കുമ്പോഴും, കളിയോടുള്ള ഈ ഒടുങ്ങാത്ത പ്രണയമാണ് റോണോയെ ഇപ്പോഴും കളിക്കളത്തിലെ സൂപ്പര്‍ താരമാക്കി നിര്‍ത്തുന്നതെന്നും ഇവ്ര ഓര്‍മിപ്പിക്കുന്നു.
 

click me!