
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി ചുമതലയേറ്റു. കേരളത്തിന്റെ 44-ാമതു ചീഫ് സെക്രട്ടറിയായാണ് വ്യവസായ വകുപ്പ് സെക്രട്ടറിയായിരുന്ന പോള്‍ ആന്റണി ചുമതലയേറ്റത്. ചീഫ് സെക്രട്ടറിയായിരുന്ന ഡോ.കെ.എം. ഏബ്രഹാം വിരമിച്ച ഒഴിവിലാണ് നിയമനം.
1983 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പോള്‍ ആന്റണിക്ക് അടുത്ത വര്‍ഷം ജൂൺ 30 വരെ സർവീസുണ്ട്. കേന്ദ്ര സെക്രട്ടറിമാരുടെ പട്ടികയിൽ എംപാനൽ ചെയ്യപ്പെട്ടിട്ടുള്ള പോൾ ആന്റണി തൃശൂർ കാട്ടൂർ ആലപ്പാട്ട് പാലത്തിങ്കൽ പി.പി.ആന്റണിയുടെ മകനാണ്.
കൊല്ലം, ആലപ്പുഴ ജില്ലകളിൽ കലക്ടറായി സേവനം അനുഷ്ഠിച്ചു. കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്തു വൈദ്യുതി, പട്ടികവിഭാഗ ക്ഷേമ വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. 2011 മുതൽ ’16 വരെ കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ചെയർമാനായി. 2000- 2005 കാലത്തു കൊച്ചി സ്പെഷൽ ഇക്കണോമിക് സോണിന്റെ ഡവലപ്മെന്റ് കമ്മിഷണറായിരുന്നു. ഈ സമയത്തു കൊച്ചി പോർട്ട് ട്രസ്റ്റ് ബോർഡിന്റെ ട്രസ്റ്റിയുമായി. വൈദ്യുതി ബോർഡ് ചെയർമാൻ, വാണിജ്യ നികുതി കമ്മിഷണർ, സപ്ലൈകോ എംഡി, വ്യവസായ വാണിജ്യ ഡയറക്ടർ പദവികളും വഹിച്ചു.
ഡൽഹി സ്കൂൾ ഒഫ് ഇക്കണോമിക്സിൽനിന്നു ധനതത്വശാസ്ത്രത്തിൽ എംഎ നേടിയ പോൾ ആന്റണി ബ്രിട്ടനിലെ ബർമിങാം യൂണിവേഴ്സിറ്റിയിൽനിന്നു പബ്ലിക് ഇക്കണോമിക് മാനേജ്മെന്റിലും എംഎ നേടിയിട്ടുണ്ട്. ബെംഗളൂരു, അഹമ്മദബാദ്, കൊൽക്കത്ത ഐഐഎമ്മുകളിൽ പരിശീലനം നേടി. ഭാര്യ: നൈന പോൾ. തെരേസ പോൾ, ആന്റണി പോൾ എന്നിവർ മക്കളാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam