
ആലപ്പുഴ: വിശപ്പില്ലാ ഗ്രാമത്തിനായി രൂപീകരിച്ച ജനകീയ ഭക്ഷണശാലയുടെ പ്രവര്‍ത്തനത്തിന് പാതിരപ്പള്ളിയില്‍ ആവേശകരമായ തുടക്കം. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ പാതിരപ്പള്ളിയിലെ ദേശീയപാതയോരത്താണ് ജനകീയ ഭക്ഷണശാലയുടെ പ്രവര്‍ത്തനം നടക്കുക. ഇന്ന്് ഉച്ചയോടെ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് ഭക്ഷണം വിളമ്പിയായിരുന്നു ഊട്ടുപുരയുടെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.
25 ലക്ഷത്തോളം രൂപ മുടക്കി നിര്‍മ്മിച്ച ബഹുനില മന്ദിരത്തിലാണ് ജനകീയ ഭക്ഷണശാലയുടെ പ്രവര്‍ത്തനം. സംസ്ഥാനത്ത് തന്നെ ശ്രദ്ധ്യേയമായ ജനകീയ ഭക്ഷണശാലയുടെ പ്രവര്‍ത്തനം നേരില്‍ കാണാന്‍ മന്ത്രി മാത്യൂ.ടി.തോമസും എത്തിയിരുന്നു. നാട്ടുകാരോടൊപ്പം മന്ത്രിയും ജനകീയ ഭക്ഷണശാലയില്‍ നിന്നും വിശപ്പകറ്റിയാണ് മടങ്ങിയത്. ഒപ്പം രൂചിക്കൂട്ടൊരുക്കിയവരെ അഭിനന്ദിക്കാനും മന്ത്രി മറന്നില്ല. ഇഞ്ചിക്കറിയും മാങ്ങാപച്ചടിയും നല്ല നിലവാരം പുലര്‍ത്തിയെന്നും സാമ്പാറും പുളിശ്ശേരിയും കേമമായിരുന്നുവെന്നും മാത്യൂ.ടി.തോമസ് ധനമന്ത്രിയോടും പറഞ്ഞു.
രണ്ടായിരത്തോളം പേര്‍ക്ക് ഭക്ഷണം ഒരുക്കാന്‍ കഴിയുന്ന തരത്തിലാണ് ഇവിടെയുള്ള അടുക്കള. ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നവരോട് ആരും പണം ആവശ്യപ്പെടില്ല. പകരം പ്രവേശന കവാടത്തില്‍ ഗ്ലാസ് അറയായി മൂന്ന് വഞ്ചികള്‍ സ്ഥാപിച്ചിട്ടുണ്ട്. വിശപ്പകന്നവര്‍ക്ക് ഇഷ്ടമുള്ള തുക ഈ പെട്ടിയില്‍ നിക്ഷേപിക്കാം. പണം പെട്ടിയില്‍ നിക്ഷേപിച്ചില്ലെങ്കിലും ഭക്ഷണശാലയുടെ സംഘാടകരായ പാതിരപ്പള്ളിയിലെ സ്നേഹജാലകം പ്രവര്‍ത്തകരുടെ ചുണ്ടിലെ ചിരിക്ക് ഒരുമാറ്റവും ഉണ്ടാകില്ല.
കഴിഞ്ഞ ആറ് വര്‍ഷമായി ആതുര ശുശ്രൂഷാരംഗത്തും ജനകീയ വിഷയങ്ങളിലും സജീവമാണ് സ്നേഹജാലകം. ധനമന്ത്രി മുഖ്യ രക്ഷാധികാരിയായ ഈ സംഘടന കിടപ്പ് രോഗികളുടെ പരിചരണം, ജനകീയ ലാബ്, സൗജന്യ മരുന്നുവിതരണം, മനോരോഗികളുടെ സംരക്ഷണം തുടങ്ങി നിരവധി ജനകീയ പ്രവര്‍ത്തനങ്ങളുടെ സംഘാടകരാണ്. ഇന്ന് മുതല്‍ പ്രഭാത സായാഹ്ന ഭക്ഷണവും ജനകീയ ഭക്ഷണശാലയില്‍ ലഭ്യമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam