തൊഴിലുറപ്പ് ഭേദഗതി സംസ്ഥാനങ്ങള്‍ക്കുമേൽ വലിയ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നു, കേന്ദ്രത്തിനെതിരെ ജനാഭിപ്രായം ശക്തമായി രൂപപ്പെടണമെന്ന് പിണറായി

Published : Dec 19, 2025, 09:44 AM IST
Pinarayi Vijayan

Synopsis

സംഘ പരിവാർ നിയന്ത്രിക്കുന്ന  സർക്കാർ രാജ്യത്തെ കർഷക-കർഷകത്തൊഴിലാളി ജനസാമാന്യത്തെ വെല്ലുവിളിക്കുകയാണ്.

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘ പരിവാർ നിയന്ത്രിക്കുന്ന യൂണിയൻ സർക്കാർ ഇതിലൂടെ രാജ്യത്തെ കർഷക-കർഷകത്തൊഴിലാളി ജനസാമാന്യത്തെ വെല്ലുവിളിക്കുകയാണ്. പദ്ധതിയുടെ പേരും ഘടനയും മാറ്റുന്നത് ഗാന്ധിജിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്ന സംഘപരിവാർ അജണ്ടയുടെ ഭാഗമായാണ്. സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് യൂണിയൻ ഗവൺമെന്റ് ഒളിച്ചോടി സംസ്ഥാനങ്ങള്‍ക്കുമേൽ വലിയ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നതുമാണ് ഈ ബിൽ.

തിരക്കേറിയ കാർഷിക സീസണിൽ 60 ദിവസം വരെ പദ്ധതി മരവിപ്പിക്കാമെന്ന വിപൽകരമായ വ്യവസ്ഥ കൂടി ഇതിൽ ഉൾപ്പെടുന്നു. ബിൽ ജെപിസിയുടെയോ സെലക്റ്റ് കമ്മിറ്റിയുടെയോ പരിഗണനയ്ക്കു വിടണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം പോലും അംഗീകരിച്ചില്ല. എൻഡിഎ ഘടകകക്ഷികൾ തന്നെ ആശങ്കയുയർത്തിയിട്ടും വീണ്ടുവിചാരത്തിന് തയാറായില്ല. അധികാരത്തിലെത്തിയ കാലം മുതൽ തൊഴിലുറപ്പ് പദ്ധതിക്കായുള്ള ബജറ്റ് വിഹിതം വെട്ടിക്കുറക്കുന്നതുൾപ്പെടെയുള്ള നടപടികളുമായി പദ്ധതിയെ നിർവീര്യമാക്കാൻ ശ്രമിച്ച എൻഡിഎ സർക്കാർ ഇപ്പോൾ പദ്ധതിയെത്തന്നെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. തൊഴിൽ നൽകുക എന്ന ഭരണഘടനാപരമായ ഉത്തരവാദിത്തത്തിൽ നിന്ന് പൂർണ്ണമായും ഒഴിഞ്ഞു മാറുന്ന സമീപനമാണ് യൂണിയൻ സർക്കാർ സ്വീകരിക്കുന്നത്.

ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ സമ്മർദം ഒന്നുകൊണ്ടുമാത്രമാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി യാഥാർത്ഥ്യമായത്. അന്ന് കോൺഗ്രസ്സ് മനസ്സില്ലാമനസ്സോടെയാണ് പദ്ധതി കൊണ്ടുവരാൻ തയ്യാറായത്. ആ താല്പര്യക്കുറവ് അവർ ഉപേക്ഷിക്കണം. യൂണിയൻ സർക്കാരിന്റെ തെറ്റായ നീക്കത്തിനെതിരെ ശക്തമായ ജനാഭിപ്രായം രൂപപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ 4 -ാം പ്രതിക്ക് വീണ്ടും പരോൾ, 5 മാസത്തിനിടെ ലഭിച്ചത് രണ്ടാമത്തെ പരോൾ; സ്വാഭാവിക നടപടിയെന്ന് ജയിൽ വകുപ്പ്