
തിരുവനന്തപുരം: സെന്‍കുമാര്‍ കേസില്‍ വ്യക്തത അവശ്യപ്പെട്ട സര്‍ക്കാറിന് സുപ്രീം കോടതിയില്‍ നിന്ന് കിട്ടിയത് മുഖമടച്ച അടിയാണ്. മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍കെ മുന്നണിക്കകത്തുമാത്രമല്ല പാര്‍ട്ടിക്കകത്തും മുഖ്യമന്ത്രി പിണറായി വിജയനെ കടുത്ത പ്രതിരോധത്തിലാക്കാന്‍ പോന്നതാണ് കോടതി വിധി.
സെന്‍കുമാറിനനുകൂലമായി ആദ്യ വിധി വന്നപ്പോഴെ പുനര്‍നിയമന ആവശ്യവും ശക്തമായിരുന്നു. 25ന് സി പി ഐ എം സെക്രട്ടേറിയറ്റ് ഇക്കാര്യം മുഖ്യന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തു. നിയമ സെക്രട്ടറിയും ഏജിയും മറ്റ് നിയമ വിദഗ്ധരും ഇതു തന്നെ ആവര്‍ത്തിച്ചു. പക്ഷെ പുനഃപരിശോധനക്ക് സുപ്രീം കോടതിയെ സമാപിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. വന്‍ തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പുകളെ സാധൂകരിക്കുന്ന തീരുമാനം വീണ്ടും സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായപ്പോള്‍ പ്രതിസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യമന്ത്രിയുടെ ഓഫീസുമാണ്. സ്വാഭാവികമായും വിമര്‍ശനങ്ങളുടെ മുന മുഖ്യമന്ത്രിക്ക് നേരെ തന്നെ. മൂന്നാര്‍ വിഷയത്തിലടക്കം മുഖ്യമന്ത്രിയുമായി പരസ്യമായി ഏറ്റുമുട്ടുന്ന സിപിഐ നിലപാട് കടുപ്പിക്കും. ഇങ്ങനെ പോയാല്‍ ഒന്നും ശരിയാകില്ലെന്ന് സി പി ഐ എമ്മിനകത്തെ വലിയൊരു വിഭാഗത്തിന്റെ അഭിപ്രായം പരസ്യ പ്രതികരണങ്ങളിലേക്ക് പോകാനും ഇടയുണ്ട്. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ നേട്ടങ്ങളുടെ ബാലന്‍സ് ഷീറ്റില്‍ വന്‍ വിവാദങ്ങള്‍മാത്രം. ഏറ്റവും ഒടുവിലെ കോടതി വിധിയോടെ ടി പി സെന്‍കുമാറെന്ന ഐ പി എസുകാരനു മുന്നല്‍ നിയമപരമായും ധാര്‍മ്മികമായും രാഷ്ട്രീയമായും തോറ്റ മുഖ്യമന്ത്രിയെന്ന് പ്രതിച്ഛായയാണ് പിണറായിക്ക് മുന്നിലുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam