Latest Videos

സര്‍ക്കാര്‍ ആരെയും വഴിവിട്ടു സഹായിക്കില്ലെന്ന് മുഖ്യമന്ത്രി

By Web DeskFirst Published May 29, 2016, 7:10 PM IST
Highlights

ദില്ലി: സര്‍ക്കാര്‍ ആരോടും പ്രതികാരത്തിനില്ലെന്നും ആരെയും വഴിവിട്ടുസഹായിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിയോടും നിയമപാലനത്തിലും സര്‍ക്കാര്‍ ഒരു വീട്ടുവീഴ്ചക്കും തയ്യാറല്ലെന്നും ദില്ലിയില്‍ മലയാളി സംഘടനകള്‍ നല്‍കിയ സ്വീകരണത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എകെ ആന്റണിയുമായും പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി.

മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി ദില്ലിയിലെത്തിയ പിണറായി വിജയന് വിവിധ മലയാളി സംഘടനകള്‍ സ്വീകരണം നല്‍കി. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു. സര്‍ക്കാര്‍ സംശുദ്ധമായിരിക്കുമെന്നും അഴിമതിയോടും നിയമപാലനത്തിന്റെ കാര്യത്തിലും ഒരു വീട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മലയാളത്തില്‍ സംസാരിച്ച് തുടങ്ങി ജനക്കൂട്ടത്തെ കയ്യിലെടുത്ത സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രിയുടെ സൊമാലിയന്‍ പരാമര്‍ശത്തെ കളിയാക്കി. സ്വീകരണ യോഗത്തിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും മുന്‍ മുഖ്യമന്ത്രിയുമായ എ കെ ആന്റണിയുമായി പിണറായി കൂടിക്കാഴ്ച നടത്തി. ആന്റണിയുടെ വസതിയില്‍ പതിനഞ്ച് മിനുറ്റോളം നീണ്ട കൂടിക്കാഴ്ചയില്‍ ആന്റണിയുടെ ഉപദേശം പിണറായി തേടി.

click me!