ആര്‍എസ്എസിന്റെ വിരട്ടല്‍ ഇങ്ങോട്ട് വേണ്ട: പിണറായി

By Web DeskFirst Published Feb 25, 2017, 8:25 AM IST
Highlights

മംഗളൂരു: ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മംഗളൂരില്‍ നടന്ന മതസൗഹാര്‍ദ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ആര്‍എസ്എസ്സിനെതിരെ തുറന്നടിച്ച് പിണറായി രംഗത്തെത്തിയത്. മംഗളൂരു സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന സംഘപരിവാറിന്റെ ഭീഷണിയുടെ പ്ശ്ചാത്തലത്തിലായിരുന്നു പിണറായിയുടെ പ്രസംഗം. പിണറായിയുടെ പ്രസംഗത്തില്‍ നിന്ന്-

ആര്‍എസ്എസ് വിരട്ടലിന് മുന്നില്‍ പതറുന്നവനല്ല ഞാന്‍. ഊരിപ്പിടിച്ച കത്തിക്കിടയിലൂടെ ഞാന്‍ നടന്നുപോയിട്ടുണ്ട്. അന്നൊന്നും ആര്‍എസ്എസ്സിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പിന്നെ ഇപ്പോള്‍ എന്ത് ചെയ്തു കളയുമെന്നാണ്. മധ്യപ്രദേശിലെ എന്റെ യാത്ര തടഞ്ഞതിനെക്കുറിച്ച് നിങ്ങള്‍ പറയുന്നുണ്ട്. ഒരു മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ഒരാളെന്ന നിലയ്ക്ക് ഒരു സംസ്ഥാനത്ത് ഞാന്‍ ചെല്ലുമ്പോള്‍ ആ സംസ്ഥാനത്തെ സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കുക എന്നത് ഒരു മര്യാദയാണ്.

ഒരു മുഖ്യമന്ത്രി സ്വീകരിക്കേണ്ട മര്യാദയാണ്. ആ സര്‍ക്കാര്‍ പറഞ്ഞു അങ്ങോട്ട് പോകാന്‍ പാടില്ലെന്ന്. ഞാനത് അനുസരിച്ചു. മുഖ്യമന്ത്രി അല്ലാത്ത പിണറായി വിജയന്‍ ആയിരുന്നുവെങ്കില്‍ ഇന്ദ്രനും ചന്ദ്രനും പോലും എന്നെ തടയാന്‍ കഴിയില്ല എന്ന് നിങ്ങള്‍ മനസ്സിലാക്കണം. അതുകൊണ്ട് ആ വിരട്ടല്‍ ഒന്നും ഇങ്ങോട്ട് വേണ്ട. എന്തിന് വെറുതെ അത്തരം പ്രയോഗങ്ങള്‍ നടത്തുന്നു. അതുകൊണ്ട് നമ്മുടെ നാട് ഇതിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ഒരാള്‍ക്ക് ഇവിടെ വന്ന് സംസാരിക്കാന്‍ കഴിയില്ലെന്ന ധാര്‍ഷ്ട്യം നിറഞ്ഞ സമീപനത്തിനെതിരെ പ്രതികരിക്കാന്‍ തയ്യാറായിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

 

 

click me!