മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയില്‍ എത്തുന്നു

By Web DeskFirst Published Oct 16, 2017, 11:34 AM IST
Highlights

പത്തനംതിട്ട :  വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയില്‍ എത്തുന്നു. ഇതാദ്യമായാണ് പിണറായി വിജയന്‍ ശബരിമലയില്‍ എത്തുന്നത്. പമ്പയിലും സന്നിധാനത്തുമായി നാല് പദ്ധതികള്‍ക്കും മുഖ്യമന്ത്രി തുടക്കമിടും. പമ്പയിലെ സ്‌നാനഘട്ട നവീകരണം, സന്നിധാനത്തെ ശുദ്ധജല സംഭരണി, പുണ്യദര്‍ശന കോപ്ലക്‌സ് എന്നിവയ്ക്ക് മുഖ്യമന്ത്രി തറക്കല്ലിടും. 

ടൂറിസം വകുപ്പാണ് 4.99 കോടി രൂപ മുടക്കി പുണ്യദര്‍ശന കോപ്ലക്‌സ് നിര്‍മിക്കുന്നത്. ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവൃത്തികളും ഒക്‌ടോബറില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.  വിവിധ വകുപ്പുകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ഫണ്ട് ഒക്‌ടോബര്‍ 15 ന് ഉള്ളില്‍ നല്‍കുമെന്നും കഴിഞ്ഞ സീസണില്‍ ലഭിച്ചതില്‍ കൂടുതല്‍ തുക ആവശ്യമെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകളെ വിവരം അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

ശബരിമലയിലെ 37 ഇടത്താവളങ്ങള്‍ വികസിപ്പിക്കാനാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. ഒരു മാസത്തിനുള്ളില്‍ 10 ഇടത്താവളങ്ങളുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. ഇടത്താവള വികസനത്തിനായി 145 കോടി രൂപയാണ് ചെലരവ് പ്രതീക്ഷിക്കുന്നത്. എരുമേലിയിലെ ശുദ്ധജല പ്ലാന്‍റും വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ 157 കിയോസ്‌കുകളും 379 പൈപ്പുകളും ഒക്‌ടോബര്‍ മധ്യത്തോടെ സജ്ജമാകും. 

ശബരിമലയിലേയ്ക്കുള്ള 207 റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒക്‌ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കും. ഇതിനായി 140 കോടി രൂപയാണ് വകയിരുത്തുന്നത്. ഇതിനിടെ, ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് നാളെ നടക്കും. 14 പേരാണ് പട്ടികയില്‍ ഉള്ളത്. ശബരിമല സീസണ്‍ അവലോകന യോഗവും നാളെ സന്നിധാനത്ത് നടക്കും.

click me!