പിണറായി മുഖ്യമന്ത്രിയായേക്കും; വി.എസിനെ അനുനയിപ്പിക്കാന്‍ നീക്കം

By Asianet NewsFirst Published May 20, 2016, 4:51 AM IST
Highlights

തിരുവനന്തപുരം: പിണറായി വിജയന്‍ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായേക്കും. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റും അതിനു ശേഷം ചേരുന്ന സംസ്ഥാന സമിതിയും മുഖ്യമന്ത്രി സ്ഥാനത്തക്കു പിണറായിയെ ശുപാര്‍ശ ചെയ്യും. വി.എസ്. അച്യുതാനന്ദന് മാന്യമായ സ്ഥാനം നല്‍കാനും ഈ യോഗങ്ങളില്‍ തീരുമാനമുണ്ടാകും. എന്നാല്‍ വി.എസ്. ഇതു സ്വീകരിക്കാനിടയില്ലെന്നാണു സൂചന.

വി.എസ്. അച്യുതാനന്ദനു ക്യാബിനറ്റ് റാങ്കോടെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനമോ സര്‍ക്കാറിന്റെ ഉപദേശക സ്ഥാനമോ നല്‍കാന്‍ നിര്‍ദേശം ഉയര്‍ന്നിട്ടുള്ളതായി സൂചനകളുണ്ട്. എന്നാല്‍ വി.എസ്. ഇതു സ്വീകരിക്കാനിടയില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളില്‍നിന്ന് അറിയുന്നത്. തന്റെ പോരാട്ടം ഏതെങ്കിലും ക്യാബിനറ്റ് റാങ്കിനുവേണ്ടി ആയിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. തര്‍ക്കമുണ്ടാവുകയാണെങ്കില്‍ കേന്ദ്ര നേതൃത്വം ഇടപെടും. പ്രശ്നപരിഹാര ചുമതല സീതാറാം യെച്ചൂരിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

കേരളത്തിലെ മുഖ്യമന്ത്രി ആര് എന്നതുസംബന്ധിച്ച് കേന്ദ്ര കമ്മിറ്റിയിലോ പിബിയിലോ ചര്‍ച്ചയുണ്ടാകില്ല. എന്നാല്‍ പിണറായി തന്നെ മുഖ്യമന്ത്രിയാകുമെന്ന സൂചനകളാണു കേന്ദ്ര നേതൃത്വത്തില്‍നിന്നു ലഭിക്കുന്നത്. പശ്ചിമബംഗാളില്‍ വലിയ തകര്‍ച്ചയുണ്ടായതിനാല്‍ സീതാറാം യെച്ചൂരിക്ക് പാര്‍ട്ടിക്കുള്ളില്‍ കടുംപിടുത്തത്തില്‍ നില്‍ക്കാന്‍ കഴിയില്ല. പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍ പിള്ള തുടങ്ങിയ നേതാക്കളുടെ പിന്തുണ പിണറായി വിജയനാണ്.

വി.എസ്. അച്യുതാനന്ദനെ ഒരു വര്‍ഷം മുഖ്യമന്ത്രിയാക്കുക എന്ന നിര്‍ദേശം ഉയര്‍ന്നാല്‍ത്തന്നെ അതു പിന്നീട് പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടാക്കുമെന്നും കേന്ദ്ര നേതൃത്വം കരുതുന്നു. ഇതുകൊണ്ട് സംസ്ഥാന നേതൃത്വമെടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കുകയെന്നുതന്നെയാണ് കേന്ദ്ര നിലപാട്.

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ എന്തെങ്കിലും ആശയക്കുഴപ്പമുണ്ടായാല്‍ കേരളത്തില്‍ത്തന്നെ അവയ്‌ലബിള്‍ പിബി ചേര്‍ന്ന് പ്രശ്നപരിഹാരമുണ്ടാക്കാമെന്നും കേന്ദ്ര നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

click me!