തോമസ് ചാണ്ടി പുറത്തേക്കോ?; സ്ഥിതി ഗൗരവമെന്ന് ഇടത് നേതാക്കൾ

By Web DeskFirst Published Nov 4, 2017, 2:32 PM IST
Highlights

തിരുവനന്തപുരം: വിജിലൻസ്  അന്വേഷണം വന്നതോടെ മന്ത്രി തോമസ് ചാണ്ടിയുടെ നില കൂടുതൽ പരുങ്ങലിലായി.  സാഹചര്യം അതീവ ഗൗരവമായെന്നാണ് ഇടതുനേതാക്കളുടെ വിലയിരുത്തൽ. കോടതി ഉത്തരവിനോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

ബാർകോഴയിൽ കെഎംമാണിക്കും കെ ബാബുവിനുമെതിരായ ത്വരിതപരിശോധന വന്നപ്പോുൾ പിണറായിയും കോടിയേരിയും നടത്തിയ പ്രതികരണങ്ങള്‍ തന്നെയാണ് തോമസ്ചാണ്ടിയുടെ കാര്യത്തില്‍ തിരിച്ചടിയാകുന്നത്. ഇത്രയേറെ ആരോപണം വന്നിട്ടും, തോമസ് ചാണ്ടിയെ പിന്തുണക്കുന്ന നിലപാടാണ് പിണറായി വിജയന്‍റെത്. ഇനിയും നിയമലംഘനം നടത്തും എന്ന് തോമസ് ചാണ്ടി പരസ്യമായി പ്രഖ്യാപിച്ചിട്ടും പിണറായിയുടെ നിലപാട് മാറിയിട്ടില്ല. 

ത്വരിത അന്വേഷണത്തിന് ഉത്തരവായതോടെ  സിപിഎം ഇതേ നിലപാടിൽ ഉറച്ചുനിൽക്കുമോ എന്നാണ് അറിയേണ്ടത്. മറ്റന്നാൾ ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗം പ്രശ്നം ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചാണ്ടിക്ക് അനുകൂലമായ സർക്കാറിന്റെ എല്ലാ വാദങ്ങളെയും തള്ളിക്കൊണ്ടാണ് കോട്ടയം വിജിലൻസ് കോടതി ത്വരിത പരിശോധനക്ക് ഉത്തരവിട്ടത്. 

ഇതോടെ കേവലമൊരു ത്വരിതപരിശോധനാ ഉത്തരവ് അല്ലെന്ന മാനവും കൈവന്നു.  കോടതി ഉത്തരവ് പ്രശ്നം ഗുരുതരമാക്കിയെന്ന് ഇടത് നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നു. തോമസ് ചാണ്ടിയെ രാജി വെപ്പിക്കണമെന്ന അഭിപ്രായമാണ് സിപിഐ അടക്കമുള്ള കക്ഷികൾക്കുള്ളത്. മുഖ്യമന്ത്രിയുടെ പിന്തുണയാണ് പരസ്യമായ നിലപാടെടുക്കുന്നതിന് തടസമാകുന്നത്. അതുകൊണ്ടുതന്നെ ഇനിയെങ്കിലും പിണറായി നിലപാട് മാറ്റുമോ എന്നാണ് ഘടകകക്ഷികൾ ഉറ്റുനോക്കുന്നത്.

click me!