
തിരുവനന്തപുരം: ജാതീയമായ വേര്‍തിരിവും അന്ധവിശ്വാസങ്ങളും പടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനെതിരെ നവോത്ഥാന മൂല്യമുയര്‍ത്തിയുള്ള നീക്കമാണ് നടത്തേണ്ടത്. വിദ്യാലയങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും പോകുന്ന കുട്ടികള്‍ വര്‍ഗീയതയുടെയും ഭീകരതയുടെയും താവളങ്ങളിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജാഗ്രത വേണമെന്ന് പിണറായി പറഞ്ഞു. ആത്മീയത കപട ആത്മീയതയും മതവിശ്വാസത്തെ വര്‍ഗ്ഗീയ വിദ്വേഷവുമായി മാറ്റാന്‍ തീവ്രശ്രമങ്ങള്‍ നടക്കുകയാണെന്നും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കനത്ത മഴയെ തുടര്‍ന്ന് മുഖ്യമന്ത്രി പ്രസംഗം ചുരുക്കി.
സംസ്ഥാനത്ത് വിപുലമായ രീതിയിലാണ് സ്വാതന്ത്ര്യദിനാഘോഷം നടന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാകയുയര്‍ത്തി. പൊലീസ് മെഡലുകളും മുഖ്യമന്ത്രി വിതരണം ചെയ്തു. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഐപിഎസ് ഓഫീസര്‍ മെറിന്‍ ജോസഫാണ് സ്വാതന്ത്ര്യ ദിന പരേഡ് നയിച്ചത്. അയല്‍ സംസ്ഥാനങ്ങളുമായുള്ള ആത്മബന്ധം വളര്‍ത്തുന്നതിനായി കേരളവും കര്‍ണ്ണാടകവും പരേഡിനായി പ്ലാറ്റൂണുകള്‍ കൈമാറി.
രാജ്ഭവനില്‍ സ്വാതന്ത്രദിനാഘോഷം നടന്നു. രാവിലെ ഗവര്‍ണ്ണര്‍ പി സദാശിവം ദേശീയ പതാക ഉയര്‍ത്തി. കൊല്ലത്ത് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മയും ആലപ്പുഴയില്‍ മന്ത്രി ജി സുധാകരനും കോട്ടയത്ത് മന്ത്രി കെ രാജുവും തൃശൂരില്‍ മന്ത്രി എ സി മൊയ്‌തീനും മലപ്പുറത്ത് മന്ത്രി കെ ടി ജലീലും കോഴിക്കോട്ട് മന്ത്രി ടി പി രാമകൃഷ്‌ണനും കണ്ണൂരില്‍ മന്ത്രി കെ കെ ശൈലജ ടീച്ചറും പതാക ഉയര്‍ത്തി, സല്യൂട്ട് സ്വീകരിച്ചു. ഇടുക്കിയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് പതാക ഉയര്‍ത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam