പാര്‍ലമെന്റില്‍ എത്താത്ത ബിജെപി എംപിമാര്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി

By Web DeskFirst Published Mar 21, 2017, 1:04 PM IST
Highlights

ദില്ലി: പാര്‍ലമെന്റില്‍ എത്താത്ത ബിജെപി എംപിമാര്‍ കാരണം കാണിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ ഹാജരാകണമെന്ന് വിപ്പ് നല്‍കിയിട്ടും ബിജെപി എംപിമാര്‍ വിട്ട് നില്‍ക്കുന്നതിനെയാണ് പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചത്. എല്ലാ എംപിമാരും പാര്‍ലമെന്റില്‍ എത്തണമെന്നും  ഹാജരാകാത്ത എംപിമാര്‍ കാരണം കാണിക്കണമെന്നും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ നരേന്ദ്രമോദി നിര്‍ദ്ദേശിച്ചു. ആരെയും എപ്പോഴും താന്‍ വിളിക്കാമെന്നും പ്രധാനമന്ത്രി എംപിമാരോട് വ്യക്തമാക്കി.

പാര്‍ലമെന്റിലെത്തുക എന്നതാണ് എംപിമാരുടെ അടിസ്ഥാന ചുമതല. പുറത്ത് നിങ്ങള്‍ക്കുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ എനിക്ക് കഴിയും. എന്നാല്‍ നിങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്റില്‍ ഹാജരാവാന്‍ കഴിയില്ലെന്ന് മനസിലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. തിങ്കളാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളിലും ക്വാറം തികയാത്തതിനെക്കുറിച്ച് പാര്‍ലമെന്ററികാര്യമന്ത്രി അനന്ത് കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എംപിമാരോട് പാര്‍ലമെന്റിലെത്താന്‍ അഭ്യര്‍ഥിക്കുകയല്ല വേണ്ടതെന്നും അതവരുടെ അടിസ്ഥാന ചുമതലയാണെന്നും മോദി അനന്ത് കുമാറിനോട് പറഞ്ഞു.

വോട്ടിംഗ് യന്ത്രത്തിനെതിരെ പരസ്യനിലപാട് സ്വീകരിച്ച ബിഎസ്‌പി നേതാവ് മായാവതി ഈ പ്രശ്നം രാജ്യസഭയില്‍ ഉന്നയിച്ചു. ഉത്തര്‍പ്രദേശില്‍ വോട്ടിംഗ് യന്ത്രമാണ് വിജയിച്ചതെന്ന  മായാവതിയുടെ ആരോപണം  ബഹളത്തിനിടയാക്കി. തെരഞ്ഞെടുപ്പ് പരിഷ്ക്കരണത്തെക്കുറിച്ച് നാളെ പ്രത്യേക ചര്‍ച്ച നടക്കുമെന്ന് ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ അറിയിച്ചു.

ഈ പ്രശ്നം ഉള്‍പ്പടെ എല്ലാം ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്തെ വെള്ളായണിക്കായല്‍ സംരക്ഷിക്കണമെന്ന് ശശി തരൂരും ശാസ്താംകോട്ട കായല്‍ സംരക്ഷിക്കണമെന്ന എന്‍ കെ പ്രേമചന്ദ്രനും ആവശ്യപ്പെട്ടു. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന്റെ ഓഹരികള്‍ വിറ്റഴിക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി ആനന്ത് ഗീഥേ, ജോസ് കെ മാണി, ആന്റോ ആന്റണി, പി കെ ബിജു എന്നിവരെ അറിയിച്ചു.

ധനകാര്യബില്ലിന്റെ ചര്‍ച്ചാവേളയില്‍ ഈ ബില്ലുമായി ബന്ധമില്ലാത്ത 30 ഭേദഗതികള്‍ കൊണ്ടുവന്ന വിമര്‍ശനം എന്‍കെ പ്രമേചന്ദ്രന്‍ ഉയര്‍ത്തി. വിദേശബാങ്കുകളിലെ കള്ളപ്പണം മടക്കികൊണ്ടുവരാന്‍ എടുത്ത നടപടിയെക്കുറിച്ച് അരുണ്‍ ജെയ്റ്റിലിയുടെ വിശദീകരണത്തിനെതിരെ രാം ജഠ്മലാനിയുടെ ആക്ഷേപം രാജ്യസഭയില്‍ ബഹളത്തിനിടയാക്കി. പരാമര്‍ശം അധ്യക്ഷന്‍ രേഖകളില്‍ നിന്നും നീക്കി.

click me!