പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇറാനില്‍

By Web DeskFirst Published May 22, 2016, 1:51 AM IST
Highlights

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇറാന്‍ സന്ദര്‍ശിക്കും. ഇന്ധനം ഇറക്കുമതി ചെയ്ത വകയില്‍ ഇന്ത്യ ഇറാനു നല്‍കാനുള്ള 40,000 കോടി രൂപ കൈമാറുന്നത് സംബന്ധിച്ച നടപടികളും സന്ദര്‍ശനവേളയില്‍ ചര്‍ച്ച ചെയ്യും. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സൗദി അറേബ്യയിലും യുഎഇയിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇറാനു നേരെ സൗഹൃദത്തിന്റെ കരം നീട്ടുന്നത്.

ഇറാന്റെ പരമോന്നത നേതാവ് അയത്തുല്ല അലി ഖമനേയിയെ പ്രധാനമന്ത്രി സന്ദര്‍ശിക്കും. ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റുഹാനിയുമായി പ്രത്യേക കൂടിക്കാഴ്ചയ്‌ക്കു പുറമെ ഉന്നതതല കൂടിക്കാഴ്ചയും ഉണ്ടാകും. ഇന്ത്യാ-ഇറാന്‍ സഹകരണം ശക്തമാക്കാനുള്ള നിരവധി തീരുമാനങ്ങള്‍ കൂടിക്കാഴ്ചയിലുണ്ടാകും. ഊര്‍ജ്ജമേഖലയിലെ സഹകരണത്തിനാകും പ്രധാന ഊന്നല്‍. പാശ്ചാത്യലോകം ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്ന കാലത്ത് മുഴുവന്‍ ഇന്ത്യ ഇറാനുമായുള്ള വ്യാപാര ബന്ധം നിലനിര്‍ത്തിയിരുന്നു.

ഇറാനില്‍ നിന്ന് ഇന്ധനം വാങ്ങുന്നത് ഇന്ത്യ തുടര്‍ന്നു. ഇറാന്റെ സ്വന്തം എണ്ണക്കപ്പലുകളിലാണ് അസംസ്കൃത എണ്ണ ഇന്ത്യയില്‍ എത്തിച്ചിരുന്നത്. ഈയിടെ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഇറാനുമേലുള്ള ഉപരോധം ഭാഗികമായി പിന്‍വലിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അസംസ്കൃത എണ്ണ ഇന്ത്യ നേരിട്ട് എത്തിക്കാനുള്ള തീരുമാനം ചര്‍ച്ചകളില്‍ ഉണ്ടാകും. എണ്ണ ഇറക്കുമതി ചെയ്ത ഇനത്തില്‍ ഇറാനു നല്‍കാനുള്ള 40,000 കോടി രൂപ എങ്ങനെ കൈമാറും എന്നതു സംബന്ധിച്ചും ധാരണയിലെത്താനാണ് സാധ്യത. തുര്‍ക്കിയിലെ ഹാക്ക്ബാങ്ക് മുഖേന ഇതു കൈമാറും എന്നാണ് സൂചന.

വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും നേരത്തെ ഇറാന്‍ സന്ദര്‍ശിച്ചിരുന്നു. ഇറാനിലെ എണ്ണപ്പാടം ഏറ്റെടുത്ത് എണ്ണപര്യവേക്ഷണത്തിനുപയോഗിക്കാനുള്ള ഒന്‍ജിസിയുടെ നീക്കവും ചര്‍ച്ച ചെയ്യും. എന്തായാലും പാകിസ്ഥാന്‍ കേന്ദ്രമായുള്ള തീവ്രവാദത്തിനെതിരെ ഇറാന്‍ ശക്തമായ നിലപാടെടുക്കണം എന്ന ആവശ്യവും സന്ദര്‍ശനവേളയില്‍ മോദി മുന്നോട്ടു വയ്‌ക്കും.

click me!