
ചെന്നൈ: അണ്ണാ ഡിഎംകെയിൽ ലയനനീക്കം വൈകുന്നതിനിടെ ഒ പനീർശെൽവം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ പതിനൊന്ന് മണിയ്ക്ക് പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചാണ് കൂടിക്കാഴ്ച. പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി എടപ്പാടി പക്ഷം പ്രഖ്യാപിച്ചെങ്കിലും മധുരയിൽ ടിടിവി ദിനകരന്‍റെ നേതൃത്വത്തിൽ നടക്കുന്ന ആദ്യപൊതുപരിപാടി ശക്തിപ്രകടനമാക്കി മാറ്റാൻ മന്നാർഗുഡി കുടുംബം ശ്രമിക്കും
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിലാകുന്നതിന് മുൻപ് ശശികല ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പദം നൽകിയതിന് ശേഷമുള്ള ടിടിവി ദിനകരന്‍റെ ആദ്യപൊതുപരിപാടിയാണ് മധുരയിലെ മേലൂരിൽ ഇന്ന് നടക്കുന്നത്. മണ്ണാർഗുഡി കുടുംബത്തിന്‍റെ ശക്തിപ്രകടനമാകും ഇതെന്ന കാര്യത്തിൽ സംശയമില്ലെങ്കിലും പത്തോ പന്ത്രണ്ടോ എംഎൽഎമാർ മാത്രമാണ് ദിനകരനെ പിന്തുണച്ച് ഇപ്പോൾ കൂടെയുള്ളതെന്നാണ് വാസ്തവം.
അടിയന്തരസാഹചര്യത്തിൽ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് കൂടെ നിൽക്കാനുള്ള വിശ്വസ്തത ഈ എംഎൽഎമാർ കാണിയ്ക്കുമെന്ന ഉറപ്പും ദിനകരനില്ല. എങ്കിലും തന്‍റെ പക്കലുള്ള ജയ ടിവിയും നമത് എംജിആർ ദിനപത്രവും മാധ്യമങ്ങളിൽ വ്യാപകപ്രചാരണവുമായി റാലിയ്ക്ക് പരമാവധി പിന്തുണയുറപ്പാക്കാൻ ശ്രമിയ്ക്കുകയാണ് ടിടിവി ദിനകരൻ.
അതേസമയം, കേന്ദ്രമന്ത്രിപദത്തെയും സംസ്ഥാനമന്ത്രിസഭയിലെ പദവികളെയും ചൊല്ലി പാർട്ടിയിൽ അധികാരത്തർക്കം നടക്കുന്നതിനാൽ ലയനനീക്കവും വൈകുകയാണ്. ഒപിഎസ് പക്ഷത്തെ എംപി മൈത്രേയന് കേന്ദ്രമന്ത്രിപദമുറപ്പാണെങ്കിലും മറ്റ് പദവികൾ എങ്ങനെ വീതം വെയ്ക്കണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
ഈ സാഹചര്യത്തിൽക്കൂടിയാണ് ഒ പനീർശെൽവം ഇന്ന് പ്രധാനമന്ത്രിയെ കാണുന്നത്. സംസ്ഥാനനിയമസഭയിൽ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് സ്റ്റാലിൻ പറയുന്നുണ്ടെങ്കിലും ദിനകരന്‍റെ ശക്തിപ്രകടനവും ഒപിഎസ്-ഇപിഎസ് പക്ഷങ്ങളുടെ നീക്കങ്ങളും നിരീക്ഷിച്ച ശേഷമേ അന്തിമതീരുമാനമുണ്ടാകൂ എന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam