മുങ്ങുന്ന ബിജെപി എംപിമാര്‍ക്ക് മോദിയുടെ ശകാരം

By Web DeskFirst Published Aug 11, 2017, 3:12 PM IST
Highlights

ദില്ലി: പാർലമെന്‍റ് സമ്മേളനങ്ങളിൽ പങ്കെടുക്കാതെ സ്ഥിരമായി മുങ്ങുന്ന ബി.ജെ.പി എം.പിമാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശകാരിച്ചതായി റിപ്പോർട്ട്. ഇനിയും ഈ രീതി തുടരുന്നവർക്ക് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകില്ലെന്ന് മോദി അറിയിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡൽഹിയിൽ ബി.ജെ.പിയുടെ പാർലമെന്‍ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി.

വ്യക്തികളേക്കാൾ വലുതാണ് പാർട്ടിയെന്ന് പറഞ്ഞ മോദി എന്ത്കൊണ്ടാണ് ബി.ജെ.പി എം.പിമാർ പാർലമെന്‍റ് സമ്മേളനങ്ങളിൽ പങ്കെടുക്കാൻ എത്താത്തതെന്നും ചോദിച്ചു. സമ്മേളനത്തിൽ പങ്കെടുക്കാൻ എം.പിമാർക്ക് പ്രത്യേകം അറിയിപ്പ് നൽകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ട്. എം.പിമാർ അവരുടെ ഇഷ്ടത്തിന് പ്രവർത്തിക്കട്ടെ, 2019ൽ എന്ത് ചെയ്യാൻ കഴിയുമെന്ന് താൻ തീരുമാനിക്കുമെന്നും മോദി പറഞ്ഞു. 

പാർട്ടി തലവൻ അമിത് ഷായും ഇനി മുതൽ സഭയിൽ കാണുമെന്നും അതിനാൽ തന്നെ ബി.ജെ.പി എം.പിമാർ സമ്മേളനം മുടക്കരുതെന്നും മോദി ആവശ്യപ്പെട്ടു. അടുത്തിടെ ദേശീയ പിന്നാക്ക സമുദായ കമ്മീഷൻ ബില്ലിലെ ഭേദഗതി ചില ബി.ജെ.പി എം.പിമാർ സഭയിൽ ഹാജരാകാത്തതിനെ തുടർന്ന് പാസാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചതെന്നാണ് സൂചന.

പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു പാർട്ടിയെ നിയന്ത്രിക്കുന്നത് വളരെ എളുപ്പമാണ്. എന്നാൽ ഭരണപക്ഷത്തിരിക്കുമ്പോൾ അതൊരു വെല്ലുവിളിയാണെന്നും മോദി പറഞ്ഞു. പാർട്ടി അദ്ധ്യക്ഷനായി മൂന്ന് വർഷം പൂർത്തിയാക്കുകയും ഗുജറാത്തിൽ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത അമിത് ഷായെ യോഗത്തിൽ മോദി അഭിനന്ദിച്ചു.  ജൻസംഘ കാലത്തെ കഠിന പ്രയത്നത്തെ ഓർമ്മിപ്പിക്കുന്ന വിധമാണ് ഷായുടെ പ്രവർത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

click me!