മിന്നലാക്രമണത്തെക്കുറിച്ച് അനാവശ്യ വീമ്പിളക്കൽ വേണ്ടെന്ന് മോദി

By Web DeskFirst Published Oct 5, 2016, 12:39 PM IST
Highlights

ദില്ലി: പാക് അധീന കശ്മീരിലെ മിന്നലാക്രമണത്തെക്കുറിച്ച് അനാവശ്യ വീമ്പിളക്കൽ വേണ്ടെന്ന് പ്രധാനമന്ത്രി നരേനദ്ര മോദി മന്ത്രിമാർക്ക് നിർദ്ദേശം നല്‍കി.കഴിഞ്ഞ വ്യാഴാഴ്ച ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെക്കുറിച്ച് പ്രതിരോധ മന്ത്രി മനോഹർ പരീക്കർ ഉൾപ്പടെയുള്ളവർ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് അനാവശ്യ വീമ്പിളക്കൽ വേണ്ടെന്ന കർശന നിർദ്ദേശം നരേന്ദ്ര മോദി ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ നല്‍കിയത്.  ചുമതലപ്പെട്ടവർ മാത്രം സംസാരിച്ചാൽ മതിയെന്നും മോദി പറഞ്ഞു.

അതേസമയം, ഇന്ത്യ ഉറി ആക്രമണത്തിന്റ പേരിൽ തെളിവില്ലാതെ പാകിസ്ഥാനെ വിമർശിക്കുന്നു എന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പാ‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പറഞ്ഞു. കശ്മീരിലെ പ്രതിഷേധത്തിന് തുടർന്നും പിന്തുണ നല്‍കുമെന്ന് ഷെരീഫ് പ്രഖ്യാപിച്ചു. അതിർത്ത് കടന്നുള്ള ഭീകരവാദം നേരിടുന്നതിൽ ശ്രീലങ്ക ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.

ഇതിനിടെ ഇന്ത്യ കഴിഞ്ഞ വ്യാഴാഴ്ച നിയന്ത്രണരേഖ കടന്ന് പാക് അധീന കശ്മീരിൽ നടത്തിയ മിന്നലാക്രമണത്തിന്റെ വിശദാംശം അഞ്ചു ദൃക്‌സാക്ഷികൾ ഇന്ത്യൻ എക്സ്‌പ്രസ് ദിനപത്രത്തോട് വെളിപ്പെടുത്തി.  ദുദ്നിയാലിൽ ഇന്ത്യൻ സേന ശക്തമായ ആക്രമണം നടത്തിയെന്നും ഭീകരക്യാമ്പുകളും ഒരു പാക് സൈനിക പോസ്റ്റും തകർന്നെന്നും രണ്ടു ദൃക്സാക്ഷികൾ പറഞ്ഞു. ചൽഹാനയിൽ ഒരു ട്രക്കിൽ അഞ്ചാ ആറോ ഭീകരരുടെ മൃതദ്ദേഹം കൊണ്ടു പോകുന്നത് നാട്ടുകാർ കണ്ടു.

അതിർത്തിയിൽ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ജമ്മു കശ്മീർ പഞ്ചാബ് രാജസ്ഥാൻ ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ യോഗം ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വെള്ളിയാഴ്ച വിളിച്ചു. മഹബൂബ മുഫ്തി ഇന്ന് നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. സർക്രീക്കിൽ ഒരു പാക് ബാട്ട് സംശയാസ്പദമായ സാഹചര്യത്തിൽ ബിഎസ്എഫ് പിടിച്ചെടുത്തു. മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തു വിടുന്നത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം പ്രതിരോധ സേനകൾ പ്രധാനമന്ത്രിക്ക് വിട്ടിരിക്കുകയാണ്

click me!