
തിരുവനന്തപുരം: ശ്രീജീവിന്റെ മരണത്തില്‍ വിശദീകരണവുമായി പൊലീസ് അസോസിയേഷന്‍. കെപിഒഎ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജുവാണ് ശ്രീജിവിന്റെ മരണത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുന്നത്. സ്വന്തം സഹോദരൻ പോലീസ് കസ്റ്റഡിയിൽ ഇരിക്കെ മരണപ്പെട്ടതിനെ തുടർന്ന് സത്യാഗ്രഹ സമരം ചെയ്യുന്ന ശ്രീജിത്തിന്റെ വികാരം മനസിലാകും. ഈ സംഭവത്തിലെ വസ്തുത ആ കുടുബത്തേയും അതുപോലെ പൊതുസമൂഹത്തേയും ഉചിതമായതും സത്യസന്ധമായതുമായ ഒരു അന്വേഷണത്തിലൂടെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും പൊലീസ് അസോസിയേഷന്‍ വിശദമാക്കുന്നു.
ഇതുമായി ബന്ധപ്പെട്ട ഹാഷ്ടാഗുകളും പോസ്റ്റുകളും ചർച്ചകളും സാമൂഹ്യ മാധ്യമങ്ങളിൽ നിറയുമ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്ന പോലീസിന് സ്വന്തം ഭാഗം വ്യക്തമാക്കാൻ കഴിയാതെ പതിവ് നിസഹായവസ്ഥയിലാണ് ഇപ്പോഴും ഉള്ളതെന്ന് അസോസിയേഷന്‍ ആരോപിക്കുന്നു. ഈ സംഭവത്തെ ഇപ്പോൾ സജീവമായി ഉയർത്തിക്കൊണ്ട് വന്നതെന്തുകൊണ്ട് എന്ന ചോദ്യം സ്വാഭാവികമായും ഉയരുമ്പോള്‍ അതിലെ രാഷ്ട്രീയത്തിലേക്ക് കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും അസോസിയേഷന്‍ പറയുന്നു.
ഈ സംഭവം നടക്കുമ്പോൾ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരുന്നവർ വരെ മറവിരോഗത്തിന് അടിമപ്പെട്ടവർ എന്നോണം ശ്രീജിത്തിന് ഒപ്പം എന്ന ഹാഷ് ടാഗുമായി രംഗത്ത് വരുന്നത് പൊതുസമൂഹം വീക്ഷിക്കുന്നുണ്ട് എന്ന കാര്യം ഓർമ്മിക്കണമെന്നും അസോസിയേഷന്‍ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. മാന്യമായ വസ്ത്രം ധരിച്ചാവണം ഒരു മനുഷ്യനെ ലോക്കപ്പിൽ പാർപ്പിക്കേണ്ടത് എന്ന് തിരിച്ചറിവ് ഉണ്ടെങ്കിലും മുൻകാലങ്ങളിലെ തീക്ഷ്ണമായ അനുഭവങ്ങളാണ് അടിവസ്ത്രത്തിൽ ഒരു പ്രതിയെ ലോക്കപ്പിൽ പാർപ്പിക്കാൻ ഒരോ പോലീസുകാരനും നിർബന്ധതിനാകുന്നതെന്നും അസോസിയേഷന്‍ ന്യായീകരിക്കുന്നു.
മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കുറ്റത്തിന് രജിസ്റ്റർ ചെയ്ത കേസിലാണ് ശ്രീജീവ് അറസ്റ്റ് ചെയ്യപ്പെട്ടത്. കുറ്റം അയാൾ ആദ്യമേ സമ്മതിക്കുകയും ചെയ്തിരുന്നു.മോഷ്ടിച്ച മൊബൈലുകൾ കമ്പനി റെപ്രസെന്റേറ്റീവ് എന്നു പറഞ്ഞ് മറ്റ് പല കടകളിലും വിൽക്കുവാനും ശ്രീജീവ് ശ്രമിച്ചിരുന്നു. ആ കടക്കാരൊക്കെയും പോലീസിന് തെളിവും മൊഴിയും നൽകിയിട്ടുണ്ട്.
സബ്കളക്ടർ ആയിരുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് ശ്രീജീവിന്റെ ശരീരം ഇൻക്വസ്റ്റ് നടത്തിയത്. മെഡിക്കൽ കോളേജിലെ ഒരു സംഘം ഡോക്ടർമാരാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. കൂടാതെ ശ്രീജീവിൽ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പ് ഫോറിൻസിക് പരിശോധനയും നടത്തിയിരുന്നു. ഇങ്ങനെ സാധ്യമായ എല്ലാം ഉപയോഗിച്ച് വസ്തുത പുറത്ത് കൊണ്ടുവരണം. അതിലൂടെ പോലീസ് ഉദ്യോഗസ്ഥർ ആരെങ്കിലും കുറ്റക്കാരാണെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നു.
പോലീസിനെതിരെ ചില ആക്ഷേപങ്ങൾ ഇപ്പോഴും ഉയർന്നുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരോടായി പൊതുവേദിയിൽ പറഞ്ഞ വാക്കുകൾ ഗൗരവമായി കാണേണ്ടത്. അതെ, കുറ്റവാളികളെ കണ്ടെത്തി കോടതിയിൽ എത്തിക്കുക മാത്രമാണ് പോലീസ് ജോലി. അല്ലാതെ പ്രാകൃത ശൈലിയിലെ പോലീസിംഗ് ഈ ആധുനിക കാലഘട്ടത്തിൽ ആരിൽനിന്നും ഉണ്ടാകാൻ പാടില്ല. ഇത് ഉറപ്പാക്കാനുള്ള ബാധ്യത മുഴുവൻ സഹപ്രവർത്തകരും ഏറ്റെടുക്കേണ്ടതാണെന്നും അസോസിയേഷന്‍ വിശദമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam