കായംകുളത്ത് ബൈക്ക് യാത്രികനെ പൊലീസ് ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തി

By Web DeskFirst Published Mar 25, 2017, 5:12 PM IST
Highlights

കായംകുളം വള്ളികുന്നത്ത് വാഹനപരിശോധനയ്ക്കിടെ ബൈക്ക് യാത്രികനെ പൊലീസ് ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തി. ഇലിപ്പക്കുളം നാമ്പുകുളങ്ങര കൊപ്പാറപടീറ്റതില്‍ നിസാമിനാണ് പരുക്കേറ്റത്. ഒന്നര മണിക്കൂറോളം അബോധാവസ്ഥയിലായിരുന്ന നിസാമിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വി കണ്ണനെ സസ്‌പെന്‍ഡ് ചെയ്തു.

ശനിയാഴ്ച രാത്രി എട്ടുമണിയോടെ ചൂനാട് ജംക്ഷന് പടിഞ്ഞാറ് ഭാഗത്തുള്ള പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചായിരുന്നു സംഭവം. മല്‍സ്യവ്യാപാരിയായ ഇദ്ദേഹം ഓച്ചിറയില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്നു. വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസിനെ കണ്ട് വാഹനം തിരിച്ചു പോകാന്‍ ശ്രമിക്കുന്നതിനിടെ ലാത്തികൊണ്ട് എറിഞ്ഞുവീഴ്ത്തുകയായിരുന്നു. തലയടിച്ച് നിസാം  റോഡില്‍ വീണു. അബോധാവസ്ഥയിലായ നിസാമിനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം പുറത്തുള്ള സ്വകാര്യലാബില്‍ എത്തിച്ച് സ്‌ക്യാന്‍ ചെയ്തു. ഒന്നര മണിക്കൂറിന് ശേഷമാണ് നിസാമിന് ബോധം തിരിച്ചുകിട്ടിയത്. പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ തടിച്ചുകൂടിയ നാട്ടുകാര്‍ പൊലീസിനു നേരെ പ്രതിഷേധസ്വരം ഉയര്‍ത്തി.

സംഭവത്തില്‍ വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വി കണ്ണനെ സസ്‌പെന്‍ഡ് ചെയ്തു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് റഫീഖാണ് അന്വേഷണവിധേയമായി ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചെങ്ങന്നൂര്‍ ഡിവൈഎസ് പി കെ ആര്‍ ശിവസുതുന്‍ പിള്ളയെ ജില്ല പൊലീസ് മേധാവി ചുമതലപ്പെടുത്തി.

 

 

click me!