എസ്എഫ്ഐ-എബിവിപി തമ്മിലടി: പരിഹരിക്കാനെത്തിയ പൊലീസുകാരെ കൂട്ടംചേര്‍ന്ന് തല്ലി

By Web DeskFirst Published Mar 9, 2018, 10:25 PM IST
Highlights
  • വിദ്യാര്‍ഥികള്‍ തമ്മിലടി: പരിഹരിക്കാനെത്തിയ പൊലീസുകാരെ കൂട്ടംചേര്‍ന്ന് തല്ലി

ആലപ്പുഴ: ഹരിപ്പാട് കാര്‍ത്തികപ്പള്ളി ഐഎച്ച്ആര്‍ഡി കോളേജില്‍ എസ്എഫ്ഐ, എ ബി വി പി സംഘര്‍ഷം.സ്ഥലത്തെത്തിയ ഹരിപ്പാട് പൊലീസിനെ വിദ്യാര്‍ത്ഥികള്‍ കൂട്ടംകൂടി അക്രമിച്ചു. കരീലകുളങ്ങരയില്‍ നിന്ന് കൂടുതല്‍ പൊലീസ് എത്തി മൂന്ന് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ ആറോളം പ്രവര്‍ത്തകര്‍ കായംകുളംഹരിപ്പാട് താലൂക്ക് ആശുപത്രികളില്‍ ചികിത്സ തേടി. 

കോളേജില്‍ എസ്എഫ്ഐ, എബിവിപി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ക്യാമ്പസില്‍ കയറിയ ഹരിപ്പാട് പൊലീസ്  വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിച്ചതായും പരാതിയുണ്ട്. പൊലീസ് മര്‍ദ്ദനമേറ്റ എസ്എഫ്ഐ പ്രവര്‍ത്തകരായ ആസിഫ്, ലെനിന്‍, അസ്‌ലം. എന്നിവരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ എബിവിപി പ്രവര്‍ത്തകരായ അഭിരാജ്, ശക്തിപ്രസാദ്, അര്‍ജ്ജുന്‍ എന്നിവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.  

ഉച്ചയ്ക്ക് 12 മണിയോടെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.  മറ്റ് വിദ്യാര്‍ത്ഥികള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ഈ സമയം റോഡിലൂടെ പോയ ഹരിപ്പാട് പൊലീസിനെ നാട്ടുകാര്‍ കോളേജിലേക്ക് പറഞ്ഞയക്കുകയുമായിരുന്നു. ഹരിപ്പാട് എസ്ഐ രതീഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിദ്യാര്‍ഥികളെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടമായി പൊലീസിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമണത്തില്‍ എസ്ഐയ്ക്കും, സി.പി.ഒ സാഗറിനും പരിക്കേറ്റു. ഇരുവരും ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. 

സാഗറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോളേജ് സ്ഥിതിചെയ്യുന്നത് കരീലകുളങ്ങര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. അതിനാല്‍ കരീലക്കുളങ്ങരയില്‍ നിന്നും കൂടുതല്‍ പൊലീസ് എത്തി മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് വിട്ടയച്ചു. ക്യാമ്പസില്‍ നിന്നും പൊലീസ് ജീപ്പിലേക്ക് വലിച്ചിട്ടും സ്റ്റേഷനില്‍ എത്തിച്ചും മര്‍ദ്ദിച്ചതായി കസ്റ്റഡിയിലെടുത്ത എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. പൊലീസ് നടപടിക്കെതിരെ മുഖ്യമന്ത്രി, ഡിജിപി, എസ്.പി എന്നിവര്‍ക്ക് പരാതി നല്കിയതായി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ബിപിന്‍ സി ബാബു പറഞ്ഞു.

click me!