ദമ്പതികളുടെ മരണമൊഴിയില്‍ കുഴങ്ങി പൊലീസ്

By Web DeskFirst Published Apr 24, 2017, 7:00 PM IST
Highlights

ദമ്പതികള്‍ ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് പോലീസ്.  ഫോറന്‍സിക് വിഭാഗത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടാണ് പോലീസ് പ്രധാനമായും പരിഗണിക്കുന്നത്.  പണം കിട്ടിയില്ലെങ്കില്‍ താന്‍ മരിക്കുമെന്ന് വേണു സുഹൃത്തിനെ വിളിച്ചറിയ കാള്‍ റെക്കോര്‍ഡിംഗ് പോലീസിന് കിട്ടിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഇടുക്കി കീരിത്തോട് സ്വദേശികളായ ദമ്പതികളെ അമ്പലപ്പുഴയിലെ ചിട്ടി നടത്തിപ്പുകാരന്റെ വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടത്. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ഇരുവരും രണ്ട് മണിക്കൂറിനുള്ളില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. ചിട്ടി നടത്തിപ്പുകാരന്‍ സുരേഷ് പെട്രോളൊഴിച്ച് തീ കൊളുത്തിയെന്നാണ് ഇരുവരും നല്‍കിയ മരണമൊഴി. എന്നാല്‍ ഇത് തെളിയിക്കാന്‍ ഇതുവരെ പോലീസിനായില്ല. 

പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് ദമ്പതികള്‍ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് ഇപ്പോള്‍ പോലീസ്. പെട്രോളൊഴിച്ച് കത്തിച്ചതാണെങ്കില്‍ രണ്ടുപേരും പ്രതിരോധിക്കാനോ രക്ഷപ്പെടാനോ ഉള്ള ശ്രമം നടത്തണം. എന്നാല്‍ അതുണ്ടായില്ല. വേദന അസഹ്യമായതിന് ശേഷമാണ് ദമ്പതികള്‍ ഇരുന്ന സ്ഥലത്ത് നിന്ന് എഴുന്നേല്‍ക്കുന്നത്. ഇരുവരുടെയും പിന്‍ഭാഗം മറ്റ് ശരീരഭാഗങ്ങളെ അപേക്ഷിച്ച് പൊള്ളിയത് കുറവാണ്.  

രണ്ടുപേരും ഇരുന്ന് ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ചതാകാമെന്ന നിഗമനത്തിലേക്കാണ് ഇതുവഴി പോലീസ് എത്തുന്നത്. ഇരുവര്‍ക്കും പൊള്ളലേല്‍ക്കുന്നതിന്  മുമ്പായി വേണു നാട്ടിലെ സൃഹൃത്തിനെ ഫോണില്‍ വിളിച്ചിരുന്നു. താന്‍ പറയാന്‍ പോകുന്ന കാര്യം റെക്കോര്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ചിട്ടിയില്‍ നിക്ഷേപിച്ച പണം കിട്ടിയില്ലെങ്കില്‍ തീകൊളുത്തി മരിക്കുമെന്ന ശബ്ദ സന്ദേശം പൊലീസിന് കിട്ടിയിട്ടുണ്ട്. സംഭവസമയത്ത് താന്‍ ഉണ്ടായിരുന്നില്ലെന്നാണ്  കസ്റ്റഡിയിലുള്ള ചിട്ടിക്കമ്പനി ഉടമ സുരേഷ് ആവര്‍ത്തിച്ച് പറയുന്നത്. 

സംഭവം നടക്കുമ്പോള്‍ സുരേഷ് വീട്ടിലുണ്ടായിരുന്നുവെന്ന് നാട്ടുകാരും സ്ഥിരീകരിക്കുന്നില്ല. സുരേഷിന്റെ മകനാണ് സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്. പെട്രോള്‍ നിറച്ച കന്നാസ്, തീകത്തിക്കാനുപയോഗിച്ച ലൈറ്റര്‍ എന്നിവയില്‍ നിന്ന് വിരലടയാളങ്ങള്‍ ലഭിച്ചില്ലെന്നത് പോലീസിനെ കുഴക്കുന്നുണ്ട്. ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് പോലീസ് ഏതാണ്ട് എത്തിയെങ്കിലും  ദമ്പതികളുടെ മരണമൊഴി പൊലീസിനെ വല്ലാതെ കുഴപ്പിക്കുകയാണ്. ഏതായാലും കസ്റ്റഡിയിലുളള ചിട്ടിക്കമ്പനിയുടമയുടെ അറസ്റ്റ് ഉടനുണ്ടാവില്ലെന്നാണ് സൂചന..


 

click me!