കാസര്‍കോഡ് നിന്ന് നാടുവിട്ടവരില്‍ അഞ്ചുപേര്‍ക്കെതിരെ യു.എ.പി.എ ചുമത്തും

By Web DeskFirst Published Jul 11, 2016, 12:07 PM IST
Highlights

കാസര്‍കോഡ് നിന്ന് നാടുവിട്ട 17 പേരില്‍ അ‍ഞ്ചുപേര്‍ ഐ.എസ് ബന്ധം സ്ഥിരീകരിച്ച് ബന്ധുക്കള്‍ക്ക് സന്ദേശമയച്ചിരുന്നു. ഈ സാഹചര്യത്തിലാണ്  ഇവര്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ യു.എ.പി.എ കൂടി ചേര്‍ക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. പത്ത് ദിവസം മുമ്പ് വീട്ടിലേക്ക് വിളിച്ച് താന്‍ മുംബൈയിലുണ്ടെന്നും ഒപ്പമുണ്ടായിരുന്നവര്‍ സിറിയയിലേക്ക് പോയെന്നും പറഞ്ഞിരുന്ന പടന്ന സ്വദേശി ഫിറോസ് ഖാനെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. മുംബൈയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

നാടുവിട്ട 12 പേര്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെത്തിയതായി അന്വേഷണ സംഘത്തിന് വിവരം കിട്ടി. കോഴിക്കോട്ടെ ഒരു ‍ട്രാവല്‍ ഏജന്‍സി വഴിയാണ് ഇവര്‍ ബംഗളുരുവില്‍ നിന്ന് ഇറാനിലേക്ക് കടന്നതെന്നാണ് വിവരം. ഷിയാസുദ്ദീന്‍, ഭാര്യ അജ്മല എന്നിവരാണ് ആദ്യം പോയതെന്നും മെയ് 24ന് പുലര്‍ച്ചെ 5.30നുള്ള കുവൈത്ത് എയര്‍വെയ്സിലാണ് ഇവര്‍ യാത്രചെയ്തതെന്നും അന്വേഷണ സംഘത്തിന് വിവരം കിട്ടിയിട്ടുണ്ട്. ഇവര്‍ ഇപ്പോഴും ഇറാനില്‍ തന്നെയുണ്ടോ അതോ അവിടെ നിന്നും വേറെ എവിടേക്കെങ്കിലും പോയിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. 17 പേരെ കാണാനില്ലെന്ന് കാണിച്ച് കാസര്‍കോഡ് ചന്ദേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പരാതി അന്വേഷിക്കാന്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി സുനില്‍ ബാബുവിന്റെ നേതൃത്വത്തില്‍ 20 അംഗ പ്രത്യേക സംഘത്തെ എസ്.പി ചുമതലപ്പെടുത്തി.

സംസ്ഥാനത്ത് നിന്ന് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കാണാതായ എല്ലാവരുടേയും കണക്കുകളും വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. പാലക്കാട് നിന്നും ഒരാള്‍കൂടി നാടുവിട്ടതായി പൊലീസില്‍ പരാതി ലഭിച്ചു. കഞ്ചിക്കോട് സ്വദേശി ഷിബിയാണ് നാടുവിട്ടിരിക്കുന്നത്. പാലക്കാട് നിന്ന് നാടുവിട്ട യഹിയയുടെ സുഹൃത്താണ് ഷിബി. ഇതിനിടെ നാടുവിട്ടവരില്‍ ചിലര്‍ ജോലിചെയ്യുകയും പഠിക്കുകയും ചെയ്തിരുന്ന തൃക്കരിപ്പൂരിലെ സ്വകാര്യ കോളേജിലേക്കും പൊയ്‍നാച്ചിയിലെ ദന്തല്‍ കോളേജിലേക്കും യുവമോര്‍ച്ചയും എ.ബി.വി.പിയും മാര്‍ച്ച് നടത്തി. തീവ്രവാദ ബന്ധമാരോപിച്ചായിരുന്നു മാര്‍ച്ച്.

click me!