സുബീഷിന്‍റെ വെളിപ്പെടുത്തലുകള്‍; ശബ്ദപരിശോധനക്കൊരുങ്ങി പോലീസ്

By Web DeskFirst Published Jun 11, 2017, 9:00 PM IST
Highlights

കണ്ണൂര്‍: ഫസല്‍ കേസില്‍ പുറത്തുവന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ ശബ്ദപരിശോധനക്കൊരുങ്ങി പൊലീസ്. കുറ്റസമ്മത മൊഴിക്കും, ശബ്ദരേഖക്കും ഒപ്പം ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ കൂടി ശേഖരിച്ചാണ് മറ്റു കേസുകളിലെ പങ്ക് കൂടി തെളിയിക്കാനുള്ള ശബ്ദപരിശോധന. 

അതേസമയം, ഫസല്‍ വധത്തിലെ യഥാര്‍ത്ഥ കൊലയാളികള്‍ ആര്‍.എസ്.എസ് ആണെന്ന് നേരത്തെ ബിജെപി വിട്ടു സിപിഎമ്മിലേക്ക് വന്ന നേതാക്കളില്‍ നിന്നടക്കം തനിക്ക് വിവരം ലഭിച്ചിരുന്നുവെന്ന് ഫസലിന്റെ സഹോദരന്‍ അബ്ദുറഹിമാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സുബീഷിന്റെ കുറ്റസമ്മത മൊഴിയിലും, പുറത്തുവന്ന ശബ്ദരേഖയിലും ഫസല്‍ വധത്തിന് പുറമെ, കണ്ണവത്തെ സിപിഎം പ്രവര്‍ത്തകന്‍ പവിത്രനെ വധിച്ചതിനെ കുറിച്ചും മറ്റു കൊലപാതകക്കേസുകളെ കുറിച്ചും വിവരങ്ങളുണ്ടായിരുന്നു.  

ഇതിന്റെ അടിസ്ഥാനത്തില്‍ പവിത്രന്‍ വധക്കേസില്‍ സുബീഷിനെ പൊലീസ് പ്രതി ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.  ഈ കേസിലടക്കം ശബ്ദത്തിന്റെ ആധികാരികതയും സുബീഷിന്റെ പങ്കും ശാസ്ത്രീയമായി തെളിയിക്കാനാണ് പൊലീസ് ശബ്ദപരിശോധനക്കൊരുങ്ങുന്നത്.  ഇതിനായി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളന വീഡിയോയും ഉള്‍പ്പെടുത്തുന്നുണ്ട്.  അതിനിടെ, സുബീഷിന്റെ വെളിപ്പെടുത്തലുകള്‍ ഇന്നലെ നിഷേധിച്ച സാഹചര്യത്തില്‍ ശബ്ദപരിസോധ നടത്തണമെന്ന് ഇന്ന് സിപിഎമ്മും ആവശ്യപ്പെട്ടു.

സുബീഷിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഫസല്‍ കേസില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെങ്കിലും ഇവ ഉപയോഗിച്ച് മറ്റ് കേസുകളില്‍ തുമ്പുണ്ടാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.  അതേസമയം ഫസല്‍ വധക്കേസിലെ ചുരുളഴിയുന്നത് കണ്ണൂര്‍ ബിജെപിയിലുണ്ടായ പൊട്ടിത്തെറിയിലൂടെയാണെന്ന സിപിഎം വാദം ശരിവെച്ച് ഫസലിന്റെ സഹോദരനും രംഗത്തെത്തി. 

കേസില്‍ സിബിഐയ്ക്കടക്കം തെറ്റുപറ്റിയെന്നും അബ്ദുറഹ്മാന്‍ ആരോപിക്കുന്നു.  തുടരന്വേഷണമെന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് ഫസലിന്റെ സഹോദരന്‍ ഈ തെളിവുകള്‍ കോടതിയില്‍ നല്‍കിയിരിക്കുന്നത്. 

click me!