ശശികലയുടെ ശബരിമല ദർശനത്തിനായി പൊലീസ് തയ്യാറാക്കിയത് വ്യത്യസ്ത തന്ത്രം

Published : Jan 04, 2019, 12:47 PM ISTUpdated : Jan 04, 2019, 01:55 PM IST
ശശികലയുടെ  ശബരിമല ദർശനത്തിനായി പൊലീസ് തയ്യാറാക്കിയത് വ്യത്യസ്ത തന്ത്രം

Synopsis

മല ചവിട്ടിത്തുടങ്ങിയപ്പോൾ മുതൽ യൂണിഫോമില്ലാത്ത പൊലീസുകാരുടെ രണ്ട് സംഘങ്ങൾ ഇവർക്ക് ചുറ്റും സുരക്ഷാ കവചം ഒരുക്കി. മഫ്തിയിലും അയ്യപ്പവേഷത്തിലും ആദ്യഘട്ടത്തിൽ  പൊലീസുകാർ ശശികലയ്ക്കും കുടുംബത്തിനും ഒപ്പം മല കയറി. 

ശബരിമല: ശ്രീലങ്കൻ സ്വദേശി ശശികലയും കുടുംബവും ശബരിമല ദർശനത്തിന് ആഗ്രഹം പ്രകടിപ്പിച്ച് നേരത്തേ തന്നെ പൊലീസിനെ സമീപിച്ചിരുന്നു. ഈ വിവരം രഹസ്യമാക്കി വച്ച പൊലീസ് തികച്ചും വ്യത്യസ്തമായൊരു പദ്ധതിയാണ് ഇവരെ സന്നിധാനത്ത് എത്തിക്കാനായി തയ്യാറാക്കിയത്. പമ്പയിൽ നിന്ന് രാത്രി മല ചവിട്ടിത്തുടങ്ങിയപ്പോൾ മുതൽ യൂണിഫോമില്ലാത്ത പൊലീസുകാരുടെ രണ്ട് സംഘങ്ങൾ ഇവർക്ക് ചുറ്റും സുരക്ഷാ കവചം ഒരുക്കി.

മഫ്തിയിലും അയ്യപ്പവേഷത്തിലും പൊലീസുകാർ ആദ്യഘട്ടത്തിൽ ശശികലയ്ക്കും കുടുംബത്തിനും ഒപ്പം മല കയറി. പൊലീസുകാരുടെ ഈ ആദ്യസംഘത്തിന് ഇരുപത് മീറ്റർ പിന്നിലായി മറ്റൊരു സംഘം കൂടി ഉണ്ടായിരുന്നു. സുരക്ഷാ ചുമതലയുള്ള പൊലീസുകാരുടെ ആദ്യ സംഘത്തെ ചില മാധ്യമപ്രവർത്തകർ തിരിച്ചറിഞ്ഞതോടെ ഇവർ ദൗത്യത്തിൽ നിന്ന് ഒഴിവായി. മഫ്തിയിലുള്ള രണ്ടാം സംഘം ശശികലയുടേയും കുടുംബത്തിന്‍റേയും സുരക്ഷക്കായി ഒപ്പം ചേർന്നു.

ശശികലയ്ക്കും കുടുംബത്തിനും ഒപ്പം മലകയറുന്നത് പൊലീസുകാരാണെന്ന് പിന്നെ ആർക്കും തിരിച്ചറിയാനായില്ല. ശശികലയുടെ ഭർത്താവിനേയും മകനേും ആദ്യം കടത്തിവിട്ടു. ഇരുപത് മിനുട്ടിന് ശേഷം ശശികലയേയും സന്നിധാനത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചു. നട അടയ്ക്കുന്നതിന് ഒരു മിനുട്ട് മുമ്പ് ശശികല പതിനെട്ടാംപടി കയറി അയ്യപ്പദർശനം നടത്തി. ദർശനത്തിന് ശേഷം സാധാരണ ഭക്തരുടെ ക്യൂവിലേക്ക് ഇവരെ മാറ്റി. പതിനൊന്ന് നാൽപ്പത്തിയാറിന് ഇവർ തിരിച്ചിറങ്ങി.

തിരിച്ചിറങ്ങുന്ന സമയത്ത് മാധ്യമങ്ങൾ തിരിച്ചറിഞ്ഞുവെന്ന് ശശികലയുടെ ഭർത്താവ് പൊലീസിനോട് പറഞ്ഞു. ശശികല പതിനെട്ടാം പടിക്ക് താഴെവരെ എത്തി ദർശനം നടത്താതെ മടങ്ങിയെന്ന് അദ്ദേഹം പ്രതികരിച്ചതും പൊലീസിന്‍റെ നിർദ്ദേശപ്രകാരം തന്നെ. തുടർന്ന് പൊലീസ് അകമ്പടിയിൽ ഇദ്ദേഹത്തെ സന്നിധാനത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. മാധ്യമങ്ങളുടേയും പ്രതിഷേധിക്കാൻ സാധ്യതയുള്ളവരുടേയും മുഴുവൻ ശ്രദ്ധയും പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചതിന് ശേഷം ശശികലയെ പൊലീസ് സന്നിധാനത്ത് നിന്ന് പമ്പയിലേക്ക് തിരികെ കൊണ്ടുപോയി.

ശശികല മലയിറങ്ങിയതും പൊലീസിന്‍റെ സംരക്ഷണയിൽ തന്നെ ആയിരുന്നു. ദർശനം നടത്താൻ പൊലീസ് അനുവദിച്ചില്ല എന്നാരോപിച്ച് പിന്നീട് ശശികല മാധ്യമങ്ങൾക്ക് മുമ്പിൽ കയർത്തതും സുരക്ഷിതമായി മടങ്ങാൻ വേണ്ടി ആയിരുന്നു. ശ്രീലങ്കൻ കുടുംബം സുരക്ഷിതമായി പത്തനംതിട്ട ജില്ല വിട്ടതിന് ശേഷമാണ് ഇവർ ദർശനം നടത്തിയെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സർക്കാർ ഉദ്യോ​ഗസ്ഥർ കീറിയ ജീൻസും സ്ലീവ്‍ലെസും ധരിച്ച് ഓഫിസിലെത്തുന്നു'; മാന്യമായി വസ്ത്രം ധരിക്കണമെന്ന് കർണാടക സർക്കാറിന്റെ സർക്കുലർ
പാകിസ്ഥാനിൽ ജയിലിൽ കിടക്കുന്ന ഇമ്രാൻ ഖാന് കനത്ത പ്രഹരം, തോഷഖാന കേസിൽ 17 വർഷം തടവ്, ഭാര്യക്കും ശിക്ഷ