
തിരുവനന്തപുരം: തലസ്ഥാന സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ക്യാമറകള്‍ക്ക് പ്രതീക്ഷിച്ച നിലവാരമില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ. പൊലീസ് നടത്തിയ പരിശോധനയിലാണ് ക്യാമറകള്‍ക്ക് ടെണ്ടർ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. നിലവിലുളള ക്യാമറകളിൽ 50 ശതമാനത്തിനും കൃത്യതയില്ലെന്നാണ് പരിശോധനാ റിപ്പോർട്ട്. സിറ്റി പൊലീസ് കമ്മീഷണർ സ്മാർട്ട് സിറ്റി സിഇഒക്ക് നൽകിയ കത്ത് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറകള്‍ കൂടാതെ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായും നിരവധി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട് തലസ്ഥാനത്ത്. കുറ്റകൃത്യങ്ങള്‍ തടയാനുള്ള പദ്ധതിയുടെ ഭാഗമായി ക്യാമറകൾ വെച്ച് പൊലീസിന് കൈമാറുമെന്നായിരുന്നു വർഷങ്ങൾക്ക് മുമ്പ് നഗരസഭയുടെ വാഗ്ദാനം. ക്യാമറകള്‍ സ്ഥാപിക്കാൻ തുടങ്ങിയിട്ട് മൂന്നു വർഷമായി. സ്മാർട്ട് സിറ്റിക്ക് വേണ്ടി ചെന്നൈയിലുള്ള എംഎസ്പി എന്ന കമ്പനിയാണ് ക്യാമറകള്‍ വയ്ക്കുന്നത്.
പുതിയ ക്യാമറകളും കണ്‍ട്രോള്‍ റൂമും കിട്ടമെന്ന പ്രതീക്ഷയിൽ നിലവിലെ കണ്‍ട്രോള്‍ റൂമിൻെറ പ്രവർത്തനം പൊലീസ് ഘട്ടഘട്ടമായി നിർത്തി. കഴിഞ്ഞ ആറ്റുകാൽ പൊങ്കലക്ക് മുമ്പ് ഭാഗമായി ക്യാമറകള്‍ വച്ച് എആർ ക്യാമ്പിൽ കണ്‍ട്രോള്‍ തുറന്നു. പക്ഷെ കൺട്രോൾ റൂമിന്റെ പ്രവർത്തനം ഇതുവരെ സ്മാർട്ട് സിറ്റി പൊലീസിന് കൈമാറിയില്ല. സ്മാർട്ട് സിറ്റിക്ക് പൊലീസ് പലതലവവണ കത്തുകളെഴുതി. ക്യാമറകൾ മുഴുവൻ സ്ഥാപിച്ച് തീർന്നില്ലെന്നായിരുന്നു സ്മാർട്ട് സിറ്റിയുടെ നിലപാട്.
ഇതിനിടെ ഉള്ള ക്യാമറകള്‍ വച്ച് കണ്‍ട്രോള്‍ റൂം ഏറ്റെടുക്കാൻ നഗരസഭ പൊലീസിന് മേൽ സമ്മർദ്ദം ചെലുത്തി. കണ്‍ട്രോള്‍ റൂം ഏറ്റെടുക്കുന്നതിന് മുമ്പ് പൊലീസ് പരിശോധന നടത്തിയപ്പോൾ അമ്പരന്നു. സീറ്റ് ബെൽറ്റും ഹെൽമെറ്റും ധരിക്കാതെയുളള യാത്ര, ഇരുചക്രവാഹനത്തിലെ മൂന്നു പേരുടെ യാത്ര എന്നിവ ക്യത്യമായി ക്യാമറകള്‍ പതിയുന്നുണ്ടോ എന്നായിരുന്നു പരിശോധന. പക്ഷെ നിരാശയായിരുന്നു ഫലം. കാര്യക്ഷമതയും കൃത്യതയും ക്യാമറകള്‍ക്കില്ലെന്നാണ് പരിശോധന റിപ്പോർട്ട്.
ചില ക്യാമറകള്‍ക്ക് 50 ശതമാനംപോലും കൃത്യതയില്ലെന്നാണ് റിപ്പോർട്ട്. ക്യാമറകള്‍ ക്യത്യത പാലിക്കാതെ കണ്‍ട്രോള്‍ റൂം ഏറ്റെടുക്കാനെടുക്കില്ലന്ന് കാണിച്ച് സിറ്റി പൊലീസ് കമ്മിഷണർ സ്മാർട്ട് സിറ്റി സിഇഒക്ക് കത്ത് നൽകി. നിലവിൽ സ്ഥാപിച്ചിരിക്കുന്ന 917 ക്യാമറകളിൽ 236 ക്യാമറകളും പ്രവർത്തിക്കുന്നില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. ക്യാമറ ഉപയോഗിച്ച് കുറ്റവാളികളെ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ പഴി പൊലീസിനാകും. നാളെ പുലിവാൽ പിടിക്കാതിരിക്കാനാണ് ക്യാമറകള്‍ നന്നാക്കി പിന്നീട് ഏറ്റെടുക്കാമെന്ന് പൊലിസ് ഇന്നേ പറയുന്നത്.