
ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് അമേരിക്കന്‍ പൗരനായ ചെങ്ങന്നൂര്‍ സ്വദേശി ജോയ് വി ജോണും മകന്‍ ഷെറിന്‍ ജോണും തിരുവനന്തപുരത്തേക്ക് പോകുന്നത്. കാര്‍ അറ്റകുറ്റപ്പണിക്ക് വേണ്ടിയായിരുന്നു യാത്ര. ഉച്ചയോടെ ഇരുവരും തിരുവനന്തപുരത്ത് നിന്നും തിരിച്ചു. വരുന്ന വഴി കാറില്‍ വച്ച് അച്ഛനും മകനും തമ്മില്‍ വാക്കേറ്റമായി. നേരത്തെ തന്നെ ഇരുവരും നല്ല സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ല. ജോയിയുടെ മറ്റ് രണ്ട് മക്കളും ഡോക്ടര്‍മാരാണ്. അവര്‍ നല്ല നിലയില്‍ ജീവിച്ചുവരികയുമാണ്. പക്ഷേ ഷെറില്‍ പണം ധൂര്‍ത്തടിച്ച് കളയുന്നവനും ശരിയല്ലാത്ത ജീവിതം നയിക്കുന്ന ആളെന്നുമാണ് അച്ഛന്‍ കരുതിയിരുന്നത്. ഒരു രൂപ പോലും കണക്കില്ലാതെ ഷെറിന് സമ്പന്നനായ അച്ഛന്‍ നല്‍കിയിരുന്നില്ല. നിരന്തരം മര്‍ദ്ദനവും അവഹേളനുവുമായിരുന്നു. ഒടുവില്‍ തന്റെ സ്വത്തില്‍ നിന്ന് ഒരു തുണ്ടുപോലും നല്‍കില്ലെന്ന് അച്ഛന്‍ പറഞ്ഞതോടെ അച്ഛനെ വകവരുത്താന്‍ ഷെറിന്‍ തീരുമാനിക്കുകയായിരുന്നു. അതിന് വേണ്ടി അച്ഛന്റെ കൈയ്യിലുണ്ടായിരുന്ന വിദേശ നിര്‍മ്മിതമായ തോക്ക് ഷെറിന്‍ മോഷ്ടിച്ച് തിരുവനന്തപുരത്തേക്കുള്ള യാത്രയിലും കയ്യില്‍ കരുതിയിരുന്നു. വാക്കുതര്‍ക്കം രൂക്ഷമായതോടെ കയ്യില്‍ കരുതിയ തോക്ക് ഉപയോഗിച്ച് ഷെറിന്‍ ജോയിയെ വെടിവെച്ചു. തിരുവനന്തപുത്ത് നിന്നും ചെങ്ങന്നൂരേക്ക് വരുന്ന വഴി ആളൊഴിഞ്ഞ പാടത്തിനടുത്ത് വെച്ചാണ് വെടിവച്ചത്.
നാലുതവണ വെടിവച്ചെന്ന് പോലീസിനോട് പ്രതി പറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് മുന്‍ സീറ്റില്‍ ജോയിയുടെ മൃതദേഹം ചെരിച്ച് കിടത്തി. പ്ലാസ്റ്റിക്ക് കൊണ്ട് മറച്ച് ചെങ്ങന്നൂരിലെത്തി. ഷെറിന്‍ താമസിക്കുന്ന ഹോട്ടലില്‍ പോയി കുളിച്ച് വസ്ത്രം മാറി ഓട്ടോറിക്ഷയില്‍ കയറി പെട്രോള്‍ വാങ്ങാന്‍ പോയി. രണ്ട് കന്നാസുകളിലായി പത്ത് ലിറ്റര്‍ പെട്രോളും വാങ്ങി കാറുമായി സ്വന്തം ഉടമസ്ഥതയിലുള്ള ചെങ്ങന്നൂരിലെ കെട്ടിടത്തിനടുത്തേക്ക് നീങ്ങി. അപ്പോള്‍ സമയം രാത്രി പത്തര കഴിഞ്ഞിരുന്നു. മൃതദേഹം കത്തിച്ച് കളയുന്നതിനായി ഗോഡൗണിലേക്ക് കയറ്റി. പേപ്പറുകളും മറ്റും ഉപയോഗിച്ച് പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ തുടങ്ങിയതോടെ തീ ആളിപ്പടര്‍ന്നു. സമീപത്തുണ്ടായിരുന്ന എംസാന്‍ഡും വെള്ളവും ഉപയോഗിച്ച് തീ കെടുത്തി.
കയ്യില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് കയ്യും കാലും തലയും ആറ് കഷണങ്ങളായി വെട്ടിയെടുത്തു. ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക്ക് കവറുകളിലും ചാക്കുകളിലുമാക്കി കാറിലേക്ക് മാറ്റി. പൈപ്പ് വെള്ളം ഉപയോഗിച്ച് കത്തിച്ച സ്ഥലം കഴുകി വൃത്തിയാക്കി കാറില്‍ കയറി പുറപ്പെട്ടു. കാലും കൈയ്യും പമ്പയാറ്റിലും ഉടല്‍ഭാഗം ചെങ്ങനാശ്ശേരി ബൈപ്പാസിലും തല ചിങ്ങവനത്തും ഉപേക്ഷിച്ചു. അപ്പോഴേക്കും നേരം പുലരാറായിരുന്നു. തുടര്‍ന്ന് കാര്‍ കഴുകി വൃത്തിയാക്കി സര്‍വ്വീസ് ചെയ്തു. അതിനിടെ വീട്ടിലേക്ക് പോയി അമ്മയെ കണ്ട് നേരിട്ട് പറയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീടാണ് അമ്മയെ ഫോണ്‍വിളിച്ച് ഒരു അബദ്ധം പറ്റിയെന്ന് വിളിച്ച് അറിയിക്കുന്നത്. തുടര്‍ന്ന് കോട്ടയത്തെ ഒരു ഹോട്ടലില്‍ മുറിയെടുത്തു. കാറുമെടുത്ത് ബംഗുളുരുവിലേക്ക് രക്ഷപ്പെടാന്‍ ഉള്ള ശ്രമത്തിനിടെയാണ് ഷെറിന്‍ പോലീസിന്‍റെ പിടിയിലാവുന്നത്. മകന്‍റെ ഫോണ്‍ വിളിക്ക് ശേഷമാണ് അമ്മ പോലീസില്‍ രണ്ടുപേരെയും കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കുന്നത്. മകന്‍ പറഞ്ഞ കാര്യം പോലീസിനോട് പറയുക കൂടി ചെയ്തതോടെ പോലീസ് അന്വേഷണം തുടങ്ങുകയും പിടികൂടുകയുമായിരുന്നു.
തെളിവ് നശിപ്പിച്ച് രക്ഷപ്പെടുക എന്ന ഉദ്ദേശ്യമായിരുന്നു പ്രതിക്ക് ഉണ്ടായിരുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പോലീസ് വാര്‍ത്താസമ്മേളനം നടത്തി കൊലപാതകം നടത്തിയത് വിശദീകരിക്കുമ്പോഴും ഷെറിന് ഒരു കൂസലുമുണ്ടായിരുന്നില്ല. പ്രതി കുറ്റം സമ്മതിച്ച് തെളിവുകള്‍ പോലീസ് ശേഖരിച്ചെങ്കിലും ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാവുകയാണ്. സ്വത്ത് കിട്ടാത്തതിന്‍റെ പേരിലും അവഹേളനത്തിന്‍റെ പേരിലും ഒരാള്‍ സ്വന്തം അച്ഛനെ ഇത്രയും മൃഗീയമായി കൊലപ്പെടുത്തുമോ. ഇതല്ലാതെ വേറെന്തെങ്കിലും കുടുംബപരമായ കാരണങ്ങള്‍ കൊലയ്ക്ക് പിന്നിലുണ്ടോ. വിദേശ നിര്‍മ്മിതമായ തോക്ക് എങ്ങനെ ഷെറിന് കിട്ടി. ഒരു മൃതദേഹം ഒറ്റയ്ക്ക് കത്തിക്കാന‍് ശ്രമിച്ച് വെട്ടിനുറുക്കി കഷണങ്ങളാക്കി ഉപേക്ഷിക്കാന്‍ ഒറ്റൊരാള്‍ക്ക് കഴിയുമോ..? പോലീസിനും സംശയങ്ങള്‍ ബാക്കിയുണ്ട്...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam