
മലപ്പുറം: മലപ്പുറം രണ്ടത്താണിയില്‍ എസ് ഐ അടക്കം നാലു പോലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റു. കാടാമ്പുഴ എസ് ഐ രഞ്ജിത്ത് ലാലിനും സംഘത്തിനും നേര്‍ക്കായിരുന്നു ആക്രമണം. കല്‍പ്പകഞ്ചേരി എ എസ് ഐ അയ്യപ്പന്‍, കാടാമ്പുഴ സ്റ്റേഷനിലെ സി പി ഒ ജംഷാദ്, വളാഞ്ചേരി സ്റ്റേഷനിലെ സി പി ഒ സി അരുണ്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ട്രാഫിക്ക് നിയന്ത്രിക്കുന്നതിനിടെ പോലീസുകാരെ അമിത വേഗത്തില്‍ ബൈക്കിലെത്തിയ മൂന്നുപേരാണ് മര്‍ദ്ദിച്ചത്. ചൊവ്വാഴ്‌ച രാത്രി ഒമ്പതരയോടെയാണ് സംഭവം. രണ്ടത്താണി പുവന്‍ചിനയില്‍ ബസ് അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ഈ വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് സംഘം ഗതാഗതം നിയന്ത്രിക്കുകയായിരുന്നു. ഇതിനിടയില്‍ ബൈക്കില്‍ അമിതവേഗത്തിലെത്തിയ സംഘത്തോട് നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ പൊലീസിനുനേരെ അസഭ്യം പറഞ്ഞു. സംഘം മദ്യപിച്ചിരുന്നതായി മനസിലാക്കിയ പൊലീസ് സംഘം ഇവരെ ജീപ്പിലേക്ക് കയറ്റാന്‍ ഒരുങ്ങവെയാണ് അക്രമമുണ്ടായത്. ഹെല്‍മെറ്റ് ഉപയോഗിച്ചു പൊലീസുകാരുടെ തലയ്‌ക്കും കഴുത്തിനും മര്‍ദ്ദിച്ചശേഷം യുവാക്കള്‍ ഓടിമറയുകയായിരുന്നു. സംഭവത്തില്‍ പുഴിക്കുന്നത്ത് സമീര്‍ (26) ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസെടുത്തു. പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ പൊലീസുകാരെ ചങ്കുവട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam