ഷുഹൈബ് വധം: കാർ വാടകയ്ക്ക് നൽകിയയാളെ പൊലീസ് ചോദ്യം ചെയ്യും

By Web DeskFirst Published Feb 25, 2018, 1:05 PM IST
Highlights

കണ്ണൂര്‍: ഷുഹൈബ് വധക്കേസിൽ കൊലയാളികൾക്ക് കാർ വാടകയ്ക്ക് നൽകിയയാളെ പൊലീസ് കൂടുതൽ ചോദ്യം ചെയ്യും. വയനാട്ടിലേക്ക് ടൂർ പോകാനെന്ന പേരിൽ കൊലയാളി സംഘത്തിലെ അഖിലാണ് വാഹനം കൊണ്ടുപോയതെന്ന് അരോളി സ്വദേശിയായ കാറുടമ മൊഴി നൽകിയിട്ടുണ്ട്.  ഇന്നലെ അറസ്റ്റിലായ മൂന്നു പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതിനിടെ, മുഴുവൻ പ്രതികളെയും പിടികൂടാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ കരിങ്കൊടി കാണിച്ചു.

പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത വെളുത്ത വാഗണർ കാറാണ് കൊലയാളി സംഘം ഉപയോഗിച്ചത്.  വാഹനം വാടകക്ക് നൽകുന്ന അരോളി സ്വദേശിയിൽ നിന്നാണ് ഇവർ കാറെടുത്തത്.   മൂന്നു ദിവസത്തേക്കെന്ന പേരിൽ വൈശാഖെന്നയാൾ വഴി അഖിലാണ് വാഹനം കൊണ്ടുപോയത്. ഹർത്താലാണെന്ന കാരണം കാട്ടി, പറഞ്ഞതിൽ നിന്നും ഒരുദിവസം വൈകി വാഹനം തിരികെയേൽപ്പിച്ചു. പണവും നൽകി.  ഇതാണ് കാറുടമ നൽകിയിരിക്കുന്ന മൊഴി.  കൊലയാളി സംഘത്തിൽ ഇന്നലെ അറസ്റ്റിലായയാളാണ് അഖിൽ.  കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടിയാണ് കാറുടമയെ വീണ്ടും ചോദ്യം ചെയ്യുന്നത്.  വൈശാഖിലേക്കും അന്വേഷണം നീളും. 

അതേസമയം അറസ്റ്റിലായ പ്രതികളിൽ നിന്ന് പരമാവധി വിവരങ്ങൾ തേടുകയാണ് പൊലീസ്.  എടയന്നൂർ സ്വദേശിയായ ഡിവൈഎഫ്ഐ നേതാവ് അസ്കറിനെ കൂടാതെ മറ്റാരെങ്കിലും ആസൂത്രണത്തിൽ പങ്കാളികളാണോയെന്ന വിവരം നിർണായകമാണ്.  എസ്.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ സഹോദരനും സംഘത്തിലുണ്ട്.  ആയുധങ്ങളാണ് ഇനി കണ്ടെത്തേണ്ടത്.  ഒപ്പം ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്യാനുമുണ്ട്.  ഇക്കാര്യങ്ങളിൽ ഉടൻ തീരുമാനമാകുമെന്നാണ് പൊലീസ് അറിയിക്കുന്നത്.  ഇതിനിടെ ഇന്ന് രാവിലെയായിരുന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. ഏഴാം ദിവസവും നിരാഹാര സമരം തുടരുന്ന കെ സുധാകരന്റെ ആരോഗ്യനില മോശമാണെന്ന് ഡോക്ടർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

click me!