ഐഎസ് ബന്ധം: പടന്നയില്‍നിന്ന് കാണാതായവരെക്കുറിച്ച് അന്വേഷണം തുടങ്ങുന്നു

By Web DeskFirst Published Jul 11, 2016, 12:50 AM IST
Highlights

കാസര്‍ഗോഡ്: കാസര്‍ഗോഡ് പടന്നയില്‍ നിന്നും ഐ.എസ് ബന്ധം സംശയിച്ച് കാണാതായവരുടെ ബന്ധുക്കളുടെ പരാതിയില്‍  പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം ഇന്ന് തുടങ്ങും. കാണാതായ 17 പേരേക്കുറിച്ചുമുള്ള പരാതികള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പൊലീസിന് ലഭിച്ചുകഴിഞ്ഞു. ഇതിനിടെ കാണാതായവരില്‍ ചിലര്‍ ജോലി ചെയ്തിരുന്ന തൃക്കരിപ്പൂരിലെ കോളേജിലേക്കും പഠിച്ചിരുന്ന പൊയ്‌നാച്ചിയിലെ ദന്തല്‍കോളേജിലേക്കും തീവ്രവാദ ആരോപണമുന്നയിച്ച് വിവിധ സംഘടനകള്‍ ഇന്ന് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

പടന്ന മേഖലയില്‍ നിന്നും കാണാതായവരുടെ ബന്ധുക്കള്‍ ചന്ദേര പൊലീസ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. എസ്.പി.യുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ പരാതി നല്‍കിയത്. 17 പേരെകാണാനില്ലെന്നത് ഒമ്പതു പരാതികളായാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എല്ലാ പരാതികളും ഒരേ പൊലീസ്റ്റേഷന്‍ പരിധിയിലുള്ളതും സമാന സ്വഭാവത്തിലുള്ളതുമായതില്‍ പരാതികളെല്ലാം ഒന്നിച്ച് അന്വേഷിക്കാനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. അതിനായി പ്രത്യേക സംഘത്തെ നിയോഗിക്കും. ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് രൂപീകരിക്കുക. ഈ സംഘം ഇന്ന് തന്നെ അന്വേഷണം തുടങ്ങും. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ സാഹചര്യത്തിലും ഡി.ജി.പി ഉത്തരമേഖലാ എ.ഡി.ജി.പിക്ക് അന്വേഷണചുമതല കൈമാറിയ സാഹചര്യത്തിലും ഉയര്‍ന്നതലത്തിലുള്ള അന്വേഷണം വേണ്ടതുണ്ടെങ്കില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം പിന്നീട് രൂപീകരിക്കും. വിവിധ രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണവും പുരോഗമിക്കുകയാണ്. ഇതിനിടെ ഹിന്ദു ഐക്യവേദി തൃക്കരിപ്പൂരിലെ സ്വകാര്യ കോളേജിലേക്കും എ.ബി.വി.പി പൊയാനാച്ചിയിലെ ദന്തല്‍കോളേജിലേക്കും ഇന്ന് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കാണാതായവരില്‍ ചിലര്‍ ഈ രണ്ടു സ്ഥാപനങ്ങളിലുമായി ജോലിചെയ്യുകയും പഠിക്കുകയും ചെയ്തിരുന്നു.

click me!