
ദില്ലി: പാസ്പോർട്ട് ലഭിക്കുന്നതിനുള്ള പൊലീസ് പരിശോധനകൾ ഇനി ഓൺലൈൻ വഴി. പൊലീസ് പരിശോധനയ്ക്കായി എടുക്കുന്ന കാലതാമസം ഒഴിവാക്കാനാണ് കേന്ദ്രസർക്കാറിൻ്റെ പുതിയ നീക്കം. പാസ്പോർട്ട് ലഭിക്കുന്നതിന് മാത്രമല്ല പുതുക്കുന്നതിനും വേണ്ട പൊലീസ് പരിശോധനകളും ഇനി ഓൺലൈൻ വഴിയായിരിക്കും. പുതുതായി സൃഷ്ടിച്ച നാഷണൽ ക്രൈം ഡേറ്റാ ബേസിൽനിന്ന് അപേക്ഷകൻ്റെ വിവരങ്ങൾ ശേഖരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനുമുന്നോടിയായി ആഭ്യന്തരമന്ത്രാലയത്തിൻ്റെ കീഴിൽ ക്രൈം ആൻ്റ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ് വർക്ക്സ് ആൻ്റ് സിസ്റ്റംസ്(സിസിടിഎൻഎസ്) പുറത്തിറക്കി.
2009ലാണ് സിസിടിഎൻഎസ് പദ്ധതി വിഭാവനം ചെയ്തത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മുൻകൈയെടുത്താണ് പദ്ധതി ഇപ്പോൾ നടപ്പിലാക്കുന്നത്. ഇതിനായി രാജ്യത്തെ 15,398 പൊലീസ് സ്റ്റേഷനുകളെ ഈ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മേൽവിലാസവും തിരിച്ചറിയൽ വിശദാംശങ്ങളും ഉൾപ്പെടെ അപേക്ഷകനുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഫോട്ടോ, ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിൽ അക്കാര്യം പൊലീസിന് ഓൺലൈനായി പരിശോധിക്കാം.
ദേശീയ ജനസംഖ്യാ രജിസ്റ്റർ, ആധാർ, തിരിച്ചറിയൽ കാർഡ് എന്നിവയിലെ വിവരങ്ങൾ ഇതിനായി പൊലീസിന് ലഭ്യമാക്കും. സിസിടിഎൻഎസ് വഴി വിവരശേഖരണത്തിനുള്ള ചുമതല എസ്പി തസ്തികയിലുള്ള പോലീസ് ഉദ്യോഗസ്ഥനു നൽകും.പൊലീസ് വെബ്സൈറ്റിലൂടെ അപേക്ഷകർക്ക് പാസ്പോർട്ടുമായി ബന്ധപ്പെട്ട് പരാതികൾ നൽകാനുളള സംവിധാനവും ഒരിക്കിയിട്ടുണ്ടെന്ന് രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു.
ഈ പദ്ധതിയിലൂടെ പാസ്പോർട്ട് എടുക്കുന്നതിൻ്റെ പ്രധാന ഘട്ടങ്ങളിലൊന്നായ വീട്ടിലെത്തിയുള്ള പൊലീസുകാരുടെ വിവരശേഖരണം ഇല്ലാതാകും. പൊലീസ് പരിശോധനയിലും അതിൻ്റെ റിപ്പോർട്ട് നൽകുന്നതിലുമുണ്ടാകുന്ന കാലതാമസവും, ഒരുപരിതി വരെ ക്രമക്കേടുകളും ഇല്ലാതാകും. സാധാരണ രീതിയിൽ ഇപ്പോൾ പാസ്പോർട്ട് ലഭിക്കാൻ 20 ദിവസത്തിലധികം എടുക്കും. ഓൺലൈൻ പൊലീസ് പരിശോധന വഴി ഈ കാലാവധി ഒരാഴ്ചയായി ചുരുക്കുന്നതാണ് കേന്ദ്രസർക്കാരിൻ്റെ പുതിയ നടപടി.
കൂടാതെ സിസിടിഎൻഎസ് വഴി അപേക്ഷകരിലെ ക്രിമിനലുകളെ വേഗത്തിൽ തിരിച്ചറിയാനും സാധിക്കുമെന്നാണ് സർക്കാറിൻ്റെ വാദം. തെലുങ്കാനയിൽ പൊലീസ് പരിശോധനക്കായി സിസിടിഎൻഎസ് പദ്ധതി ഇതിനോടകം തന്നെ വന്നുകഴിഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam