ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആലപ്പുഴ ഓഫീസിന് നേരെ ആക്രമണം: അപലപിച്ച് പ്രമുഖര്‍, പ്രതികരണങ്ങള്‍

Published : Sep 21, 2017, 09:27 AM ISTUpdated : Oct 05, 2018, 01:38 AM IST
ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആലപ്പുഴ ഓഫീസിന് നേരെ ആക്രമണം: അപലപിച്ച് പ്രമുഖര്‍, പ്രതികരണങ്ങള്‍

Synopsis

ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആലപ്പുഴ ഓഫീസിന് നേരെ ആക്രമണം. ഓഫീസിലെ കാറ് അടിച്ച് തകര്‍ത്തു. വിഷയത്തില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പ്രതികരിക്കുന്നു.

കോടിയേരി ബാലകൃഷ്‍ണന്‍

ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഓഫീസിന് നേരെയുണ്ടായ ആക്രമണം ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. സംഭവം അപലപനീയമാണ്.
 
വെള്ളാപ്പള്ളി നടേശന്‍

ദൃശ്യമാധ്യമങ്ങളെ  ജനങ്ങള്‍ കൂടുതല്‍ വിശ്വസിക്കുന്നതിന് കാരണം അവര്‍ തെളിവുകളടക്കം ജനമദ്ധ്യത്തില്‍ കൊണ്ടുവരുന്നത് കൊണ്ടാണ്. ദൃശ്യമാധ്യമങ്ങളുടെ വായടപ്പിച്ച് കൊണ്ട് ജനാധിപത്യം കൊണ്ടുവരാന് കഴിയില്ല. നിക്ഷ്പക്ഷമായി ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ പുറത്ത് വിടുന്നു അതില്‍ ആരും അസ്വസ്ഥരായിട്ട് കാര്യമില്ല.

കുമ്മനം രാജശേഖരന്‍

അഭിപ്രായ സ്വാതന്ത്രത്തിന്‍റെയും മാധ്യമസ്വാതന്ത്രത്തിന്‍റെയും നേരെ നടക്കുന്ന കയ്യേറ്റം ആര്‍ക്കും പൊറുക്കാനാവില്ല. സത്യത്തിനും ധര്‍മ്മത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവര്‍ക്ക് നേരെയുണ്ടാകുന്ന ഇത്തരം അതിക്രമണങ്ങള്‍ അപലപിക്കേണ്ടതാണ്. അഴിമതിയും ക്രമക്കേടും പുറത്ത് കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ ആക്രമണങ്ങളിലൂടെ അതിനെ നേരിടാനും തകര്‍ക്കാനും ശ്രമിക്കുന്നത് ഒരിക്കലും ഒരു ജനാധിപത്യ സമൂഹത്തില്‍ വച്ച് പൊറുപ്പിക്കാവുന്നതല്ല.

എം എം ലിജു

ഏഷ്യാനെറ്റ് ന്യൂസിന് നേരെയുണ്ടായ ആക്രമണം ഒരിക്കലും പൊറുക്കുവാന്‍ കഴിയില്ല. ഏഷ്യാനെറ്റ് ന്യൂസിന്‍റെ വാര്‍ത്തകള്‍ കൊണ്ട് പരിഭ്രാന്തരായവര്‍ ആരൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിയാം. മണി പവറുകൊണ്ടും മസില്‍ പവര്‍കൊണ്ടും എല്ലാവരെയും നിശബദരാക്കിയവര്‍ മാധ്യമങ്ങളെയും നിശബ്ദമാക്കാനാണ് കരുതുന്നതെങ്കില്‍ അത് വ്യാമോഹമാണ്. എല്ലാ പിന്തുണയും  ഏഷ്യാനെറ്റ് ന്യൂസിനുണ്ട്.
 
വി എസ് സുനില്‍ കുമാര്‍

ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് സംഭവിച്ചത്. സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ നേതൃത്വത്തില്‍ മുഖം നോക്കാതെയുള്ള കര്‍ശന നടപടിയുണ്ടാവും ഒരു വിട്ടുവീഴ്ച്ചയും ഈ കാര്യത്തിലുണ്ടാവില്ല.

വി എം സുധീരന്‍

നിക്ഷപക്ഷമായി സത്യം വിളിച്ച പറയുന്ന  മാധ്യമമാണ് ഏഷ്യാനെറ്റ്. ഭരണാധികാരിയുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും ഒടുവിലായി ഗതാഗത വകുപ്പ് മന്ത്രിയ്ക്കെതിരെ തെളിവുകളടക്കം പുറത്ത് കൊണ്ടുവന്ന് മാധ്യമപ്രവര്‍ത്തനത്തിന്‍റെ ധര്‍മ്മം ഏറ്റവും സത്യസന്ധമായി ഏഷ്യാനെറ്റ് ന്യൂസിന്‍റെ റിപ്പോര്‍ട്ടര്‍ ടി വി പ്രസാദ് ചെയ്തിരുന്നു. ഈ സമയത്താണ് ആക്രമണം ഉണ്ടാവുന്നത്. ഒരു കാരണവശാലും ഇത് അംഗീകരിക്കാനാവില്ല.

കാനം രാജേന്ദ്രന്‍

ഏഷ്യാനെറ്റ് ന്യുസിന്‍റെ ഓഫീസിന് നേരെ ഇന്ന് രാവിലെയുണ്ടായ ആക്രമണം തികച്ചും പ്രതിഷേധാര്‍ഹമായ നടപടിയാണ്. മാധ്യമസ്വാതന്ത്രത്തിന് വേണ്ടി നിന്നിട്ടുള്ള സമൂഹമാണ് കേരളീയ സമൂഹം. സ്വതന്ത്രവും നിക്ഷ്പക്ഷവുമായ  മാധ്യമപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം അതിനെതിരെയുള്ള കടന്നാക്രമണങ്ങളെ എല്ലാ മനുഷ്യരും യോജിച്ച് ചെറുക്കണം. ഇതിനെതിരെ ഗവര്‍ണ്‍മെന്‍റ് ശക്തമായ നടപടികള്‍ സ്വീകരിക്കണം.

കെ സുരേന്ദ്രന്‍

നിര്‍ഭാഗ്യകരവും പ്രതിക്ഷേധകരവുമായിട്ടുള്ള സംഭവമാണിത്. ഇതിന് പിന്നില്‍ ആരാണെന്നുള്ള കാര്യം വ്യക്തമാണ്. തോമസ് ചാണ്ടിക്കെതിരെ ആരോപിക്കുന്ന അഴിമതി ഏറ്റവും ആധികാരികമായി റിപ്പോര്‍ട്ട് ചെയ്തത് ഏഷ്യാനെറ്റ് ന്യൂസും ടി വി പ്രസാദുമാണ്. അതിനോടുള്ള  അസിഹിഷ്ണുതയാണ് ഈ അക്രമണത്തിന് പിന്നില്‍. ഭരണകക്ഷിയുടെ സ്വന്തം ആള്‍ക്കാര്‍ തന്നെ നടത്തിയിട്ടുള്ള ആക്രമണമാണിത്. പണക്കാരനായ രാഷ്ട്രീയ നേതാവായത് കൊണ്ടാണ് തോമസ് ചാണ്ടിയുടെ അഴിമതി സര്‍ക്കാര്‍  മൂടിവെക്കുന്നത്.

അഡ്വ:ജയശങ്കര്‍

പണവും സ്വാധീനവുമളള വ്യക്തികള്‍ക്കെതിരെ വാര്‍ത്ത കൊടുക്കുന്നവര്‍ക്കെതിരെ ആക്രമണമുണ്ടാകുന്നത് പുതിയ കാര്യമല്ല. ആലപ്പുഴയില്‍ നിന്നുള്ള ഒരു മന്ത്രിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് നിരന്തരം വാര്‍ത്ത കൊടുത്തുകൊണ്ടിരിക്കുന്നതിന്‍റെ ഒരു പ്രതികാര നടപടിയാകാനേ സാധ്യതയുള്ളു. അരിയാഹാരം കഴിക്കുന്ന ആര്‍ക്കും തോന്നുന്ന കാര്യമാണിത്. ഇത് കൊണ്ടൊന്നും ഒരു മാധ്യമത്തെയും നിശബ്ദമാക്കാന്‍ കഴിയില്ല.

ശോഭ സുരേന്ദ്രന്‍

വളരെ രോഷത്തോട് കൂടിയാണ് സംഭവത്തെ നോക്കി കാണുന്നത്. ചില പ്രമാണിമാര്‍ തമസ്ക്കരിക്കണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പൊതുജന മദ്ധ്യത്തിലേക്ക് എത്തിക്കുന്നതിന്‍റെ രോഷപ്രകടനമായിട്ടാണ് ഇതിനെ നോക്കി കാണുന്നത്. 

പി പി തങ്കച്ചന്‍

പ്രതികളെ പുറത്ത് കൊണ്ടുവരികയും അതിന് വേണ്ട അന്വേഷണം നടത്തുകയും പ്രതികളെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം.

രമേശ് ചെന്നിത്തല

വാര്‍ത്ത വളരെ ഞെട്ടിക്കുന്നു. കേരളത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണിത്. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമായിട്ട് വേണം ഇതിനെ കാണാന്‍. ഈ രീതിയില്‍ മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനുള്ള ശ്രമം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.സംസ്ഥാന മന്ത്രി സഭയിലെ ഒരു മന്ത്രിയ്ക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത പുറത്ത് കൊണ്ടുവന്നിരുന്നു, അതിന്‍റെ  പശ്ചാത്തലിത്തിലും വേണം ഈ ആക്രമണത്തെ കാണാന്‍.


എ കെ ആന്‍റണി

കുറ്റക്കാരാരായാലും അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം. കേരളത്തിന്‍റെ മണ്ണില്‍ ഇത്തരം പ്രവണത വെച്ചു പൊറുപ്പിക്കാന്‍ സാധ്യമല്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരക്കാന്‍ മാതൃകാപരമായ നടപടിയുണ്ടാകണം.

കെ സി വേണുഗോപാല്‍

ടി വി പ്രസാദ് നടത്തികൊണ്ടിരിക്കുന്ന ഇന്‍വസ്റ്റിഗേറ്റിവ് ജേര്‍ണലിസത്തില്‍ ആരാണ് അസ്വസ്ഥമാകുന്നതെന്ന് അന്വേഷിക്കണം. മസില്‍ പവറുകൊണ്ടും പണംകൊണ്ടും ഇതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഏതോ  ശക്തികളാണ് ഇതിന് പിന്നില്‍.

ഉമ്മന്‍ ചാണ്ടി

മാധ്യമങ്ങള്‍ക്കെതിരെയുള്ള കയ്യേറ്റങ്ങളെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. മാധ്യമങ്ങള്‍ പുറത്ത് വിടുന്ന വാര്‍ത്ത എല്ലാവര്‍ക്കും സ്വീകാര്യമായെന്ന് വരില്ല.  രാജ്യത്ത് അഭിപ്രായങ്ങള്‍ പറയാനും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഗവണ്‍മെന്‍റ് കര്‍ശന നടപടികള്‍ സ്വീകരിക്കണം.

എം എം ഹസ്സന്‍
ഗവണ്‍മെന്‍റിനെതിരെ ധാരാളം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍‌ ഈ ആക്രമണം കരുതികൂട്ടി നടത്തിയതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആലപ്പുഴയില്‍ നിന്നുള്ള മന്ത്രിക്കെതിരെ തുടര്‍ച്ചയായി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നതാണോ ആക്രമണത്തിന് കാരണമെന്ന സംശയം എല്ലാവരുടെയും ഉള്ളിലുണ്ട. ആക്രമണത്തിന് പിന്നിലാരാണെന്ന് കണ്ടെത്താന്‍ മുഖ്യമന്ത്രി മുന്‍കൈയ്യെടുക്കണം.

ജി സുധാകരന്‍
ആക്രമണം നടത്തിയ സാമൂഹിക വിരുദ്ധരെ അന്വേഷിച്ച് കണ്ടുപിടിക്കണം. ചെയ്തത് ഗുരുതരമായ കുറ്റമാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: നിർഭയമായി അന്വേഷണം മുന്നോട്ടു പോകണമെന്നാവർത്തിച്ച് ഹൈക്കോടതി, 181 സാക്ഷികളെ ചോദ്യം ചെയ്തെന്ന് എസ്ഐടി സംഘം
സാധാരണ രീതിയിലാവില്ല, സ്ഥാനാർഥി പ്രഖ്യാപനത്തിൽ വലിയ സൂചന നൽകി കെ സി വേണുഗോപാൽ; എംപിമാർ മത്സരിക്കുന്നതിലും പ്രതികരണം