പൂവരണി പെണ്‍വാണിഭ കേസില്‍ ഒന്നാം പ്രതി  ലിസിക്ക് 25 വര്‍ഷം കഠിന തടവ്

By Web DeskFirst Published May 27, 2016, 8:00 AM IST
Highlights

കോട്ടയം:പൂവരണി പെണ്‍വാണിഭ കേസില്‍ ഒന്നാം പ്രതി ലിസിക്ക് 25 വര്‍ഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും. കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി ഒന്ന് (സ്‌പെഷല്‍) ജഡ്ജി കെ. ബാബുവാണ് വിധി നടത്തിയത്. ഇത് ഏഴു വര്‍ഷമായി ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും. രണ്ട്, മൂന്ന്, അഞ്ച് പ്രതികള്‍ക്ക് ആറ് വര്‍ഷം തടവ് വിധിച്ചു. നാല്, ആറ് പ്രതികള്‍ക്ക് 25000 രൂപ പിഴയും നാലു വര്‍ഷം തടവും വിധിച്ചു.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധു കോട്ടയം അയര്‍ക്കുന്നം മുണ്ടന്‍തറയില്‍ ലിസി ടോമി (48)യാണ് ഒന്നാം പ്രതി. രണ്ടു മുതല്‍ ആറുവരെ പ്രതികള്‍ തീക്കോയി വേലത്തുശേരി വടക്കേല്‍ വീട്ടില്‍ ജോമിനി (33), ഇവരുടെ ഭര്‍ത്താവ് പൂഞ്ഞാര്‍ സ്വദേശി ജ്യോതിഷ് (35), പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി തങ്കമണി (48), കൊല്ലം തൃക്കരുവ ഉത്രട്ടാതിയില്‍ സതീഷ്‌കുമാര്‍ (58), തൃശൂര്‍ പറക്കാട്ട് കിഴക്കുംപുറത്ത് സ്വദേശി രാഖി (33) എന്നിവരാണ്. 

ഒന്നു മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പായിപ്പാട് സ്വദേശികളായ ഷാന്‍ കെ. ദേവസ്യ, ജോബി ജോസഫ്, തിരുവനന്തപുരം സ്വദേശി ദയാനന്ദന്‍, കോട്ടയം രാമപുരം സ്വദേശി ബിനോ അഗസ്റ്റിന്‍, കോട്ടയം വെള്ളിലാപ്പള്ളി സ്വദേശി ജോഷി എന്നീ അഞ്ചു പ്രതികളെ വെറുതെവിട്ടു. വിസ്താരത്തിനിടെ പത്താം പ്രതി ആത്മഹത്യ ചെയ്തിരുന്നു. 

പാലാ സെന്റ് മേരീസ് സ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാര്‍ഥിനിയെ ബന്ധുവായ സ്ത്രീ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ അവസരം ഒരുക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2007 ആഗസ്റ്റ് മുതല്‍ 2008 മേയ് വരെ പെണ്‍കുട്ടിയെ കന്യാകുമാരി, കുമരകം, തിരുവല്ല, രാമപുരം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പലതവണ എത്തിച്ചു. ഇതിനൊടുവില്‍ എയ്ഡസ് രോഗം പിടിപ്പെട്ട പെണ്‍കുട്ടിയ ആദ്യം കോട്ടയം മെഡിക്കല്‍ കോളജിലും തുടര്‍ന്ന് തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ വെച്ച് കുട്ടി മരിച്ചു. കോട്ടയത്തെ ആശുപത്രിയില്‍ കഴിയുമ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തുന്നത്. മരണശേഷം മാതാവ് അന്നത്തെ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.

സാക്ഷികളുടെ എണ്ണംകൊണ്ട് കേരളത്തിലെ ഏറ്റവും വലിയ കേസാണിത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 183 പേരുടെ സാക്ഷിപ്പട്ടികയാണ് ഹാജരാക്കിയത്. 2014 ഏപ്രില്‍ 29ന് തുടങ്ങിയ വിചാരണ രണ്ടു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്. 127 സാക്ഷികളെ കോടതി വിസ്തരിച്ചു. രാത്രി എട്ടുവരെ കോടതി നടപടി ദീര്‍ഘിപ്പിച്ചാണ് ജഡ്ജി കെ. ബാബു പ്രതികളുടെ ചോദ്യംചെയ്യല്‍ അവസാനിപ്പിച്ചതെന്ന പ്രത്യേകതയും കേസിനുണ്ട്. ചങ്ങനാശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിവൈ.എസ്.പി പി. ബിജോയാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ എന്‍. ഗോപാലകൃഷ്ണനും പ്രതികള്‍ക്കായി അഡ്വ. ബോബന്‍ ടി. തെക്കേല്‍, സി.എസ്. അജയന്‍, രാജു എബ്രഹാം എന്നിവര്‍ ഹാജരായി.

click me!