
കൊച്ചി നെട്ടൂർ കായലിൽ യുവാവിനെ കെട്ടിത്താഴ്ത്തിയത് മരണശേഷമെന്ന് പോസ്റ്റമോർട്ടം റിപ്പോർട്ട്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് മൃതദേഹം കായലിൽ താഴ്ത്തിയതെന്ന് പരിശോധനയിൽ വ്യക്തമായി. മരിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
നെട്ടൂർ ഷാപ്പ് കടവിലാണ് യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കഴിഞ്ഞദിവസം പൊങ്ങിയത്. സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. യുവാവിനെ കൊലപ്പെടുത്തിയ ശേഷം ചാക്കിൽ കെട്ടി കായലിൽ താഴ്ത്തുകയായിരുന്നുവെന്ന് വ്യക്തമായി. ശ്വാസം മുട്ടിച്ചാണ് കൊലപാതകം. ശരീരത്തിൽ മറ്റ് പരിക്കുകളൊന്നുമില്ല. മൃതദേഹത്തിന് നാല് ദിവസത്തിൽ കൂടുതൽ പഴക്കമുണ്ട്. കൃത്യത്തിൽ ഒന്നിലധികം ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോസ്റ്റമോർട്ടം റിപ്പോർട്ട് നൽകുന്ന സൂചന.
എന്നാൽ മരിച്ച വ്യക്തിയെ തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ല. മൃതദേഹത്തിനൊപ്പം ലഭിച്ച വസ്ത്രം ഉപയോഗിച്ച് ആളെ തിരിച്ചറിയാനുള്ള പരിശ്രമത്തിലാണ് പൊലീസ്. അന്വേഷണത്തിനായി എറണാകുളം സൗത്ത് സി.ഐ യുടെ നേതൃത്വത്തിൽ 30 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മൃതദേഹം കല്ല് കെട്ടി കായലിൽ താഴ്ത്തിയ നിലയിലായിരുന്നതിനാൽ മറ്റെവിടെ നിന്നെങ്കിലും ഒഴുകി വന്നതാവാൻ സാധ്യതയില്ലെന്നാണ് പൊലീസ് നിഗമനം. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam