തിരമാലകളില്‍ നിന്നും വൈദ്യുതി; പരാജയപ്പെട്ട കേരളാ മോഡല്‍

Published : Dec 22, 2017, 10:39 PM ISTUpdated : Oct 05, 2018, 03:48 AM IST
തിരമാലകളില്‍ നിന്നും വൈദ്യുതി; പരാജയപ്പെട്ട കേരളാ മോഡല്‍

Synopsis

തിരുവനന്തപുരം: വിഴിഞ്ഞം ഹാര്‍ബര്‍ റോഡിലുള്ള ബൊള്ളാര്‍ഡ് ടെസ്റ്റിംഗ് പോയിന്റ്‌റിന് സമീപം നിന്ന് കടലിലേക്ക് നോക്കിയാല്‍ തകര്‍ന്നു കിടക്കുന്ന രണ്ടു വലിയ കോണ്‍ക്രീറ്റ് പേടകങ്ങള്‍ മിക്കവര്‍ക്കും ഒരു ചോദ്യ ചിഹ്നമാണ്. അധികം ആര്‍ക്കും ഈ അനാഥമായി കിടക്കുന്ന കോണ്‍ക്രീറ്റ് പെടകങ്ങളെ കുറിച്ച് അറിയാന്‍ സാധ്യതയില്ല. ഇത് ലോകത്തിലെ തന്നെ മഹത്തായ ഒരു പദ്ധതിയെന്നു വിശേഷിപ്പിക്കാവുന്നത്തിന്റെ തിരുശേഷിപ്പുകളാണ്. 

ലോകത്ത് മൂന്നിടത്ത് വിജയിക്കുകയും എന്നാല്‍ കേരളത്തില്‍ അധികൃതരുടെ താല്‍പ്പര്യമില്ലായ്മ കാരണം പരീക്ഷണാവസ്ഥയില്‍ തന്നെ നിലച്ച 'തിരമാലകളില്‍ നിന്നും വൈദ്യുതി' എന്ന സ്വപ്‌ന പദ്ധതിയാണ് ഇങ്ങനെ കടലില്‍ അനാഥമായി കിടക്കുന്നത്. 1988-ല്‍ വലിയ ആര്‍ഭാടത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഏകദേശം നാലുവര്‍ഷത്തെ നീണ്ട പരിശ്രമത്തിനൊടുവില്‍ 1992-ല്‍ പൂര്‍ത്തിയായ രാജ്യത്തെ തന്നെ ആദ്യ പദ്ധതി അധികൃതരുടെ താല്‍പ്പര്യമില്ലായ്മ കാരണം 1998-ല്‍ സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കുകയായിരുന്നു. 

സംസ്ഥാനത്തിന്റെ 560 കി.മി ദൈര്‍ഘ്യം വരുന്ന കടല്‍ തീരം ഊര്‍ജ ഉല്‍പാദനത്തിന് ഏറെ അനുയോജ്യമാണെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ഇതെതുടര്‍ന്നാണ് ഇതില്‍ ആറു മീറ്റര്‍ വരെ ഉയരത്തില്‍ തിര അടിക്കുന്ന വിഴിഞ്ഞം തീരപ്രദേശം പദ്ധതിയ്ക്കായി തെരഞ്ഞെടുത്തത്. ബ്രിട്ടന്‍, ജപ്പാന്‍, നോര്‍വേ എന്നീ രാജ്യങ്ങളില്‍ വിജയം കണ്ട ഒസിലെറ്റിംഗ് വാട്ടര്‍ കോളം സാങ്കേതിക വിദ്യയായിരുന്നു വിഴിഞ്ഞത്തും ഉപയോഗിച്ചത്. ചെന്നൈയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ കീഴിലുള്ള വേവ് എനര്‍ജി ഗ്രൂപ്പിന്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നിര്‍മാണം ആരംഭിച്ചത്. 

അക്കാലത്ത് നൂതന മാര്‍ഗത്തിലൂടെ ഊര്‍ജ ഉല്‍പാദനം നടത്തി മികവു തെളിയിച്ച ഇംപല്‍സ് ടര്‍ബൈനാണ് വൈദ്യുതി ഉല്‍പ്പാദനം നടത്തുന്നതിന് വേണ്ടി പദ്ധതിയ്ക്കായി ഉപയോഗിച്ചത്. പരീക്ഷണത്തില്‍ തന്നെ വിജയം കണ്ട പദ്ധതി രാജ്യത്തിന്റെ ഊര്‍ജ ഉല്‍പാദന രംഗത്ത് നേട്ടം കൈവരിക്കുമെന്ന് ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ ഉണ്ടായിരുന്നു. അഞ്ച് നില കെട്ടിടത്തിന്റെ ഉയരമുള്ള കെയ്‌സോണ്‍ എന്ന കോണ്‍ക്രീറ്റ് പേടകമായിരുന്നു പദ്ധതിയുടെ ഊര്‍ജ സംഭരണ കേന്ദ്രം. ഇതിന്റെ ഒരു വശം കടല്‍ തിരകള്‍ക്ക് അഭിമുഖമായി തുറന്നാണ് ഇരിക്കുന്നത്. പേടകത്തിന്റെ ഉള്ളിലേക്ക് ശക്തിയായി തിരകള്‍ അടിച്ചു കയറുമ്പോള്‍ പൊള്ളയായ ഉള്‍ഭാഗത്ത് രൂപംകൊള്ളുന്ന മര്‍ദ്ദമാണ് ടര്‍ബൈനുകളെ ചലിപ്പിച്ചിരുന്നത്. ഈ പേടകം കരയില്‍ നിര്‍മ്മിച്ച് കടലില്‍ കൊണ്ട് സ്ഥാപിക്കുകയായിരുന്നു. 

ചെന്നൈയിലുള്ള ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ കമ്പനിയാണ് 1500 ടണ്‍ ഭാരമുള്ള ഈ പേടകത്തിന്റെ നിര്‍മ്മാണം നടത്തിയത്. ആദ്യ ശ്രമത്തില്‍ കെയ്‌സൊണ്‍ കടലില്‍ സ്ഥാപിക്കവേ വടം പൊട്ടി ഒരുവശത്തേക്ക് ചരിഞ്ഞു കടലില്‍ ഉറച്ചുപ്പോയിരുന്നു. ഇത് ഇപ്പോഴും കടലില്‍ ചരിഞ്ഞു കിടക്കുന്ന നിലയില്‍ കാണാനാകും.  തുടര്‍ന്ന് പദ്ധതി കുറച്ചു നാളത്തേക്ക് നിലച്ചെങ്കിലും പിന്നീട് മാസങ്ങള്‍ക്ക് ശേഷം 3000 ടണ്‍ ഭാരമുള്ള മറ്റൊരു പേടകം സ്ഥാപിച്ച് പുനരാരംഭിച്ചു. 1991-ല്‍ പദ്ധതിയില്‍ നിന്നും മീറ്ററിന് ശരാശരി 13 കിലോവാട്ട് എന്ന കണക്കില്‍ 150 മെഗാവാട്ട് ശേഷിയില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചു. 

ഇതുകൂടാതെ ദിവസവും ഒരു മണിക്കൂര്‍ കെ.എസ്.ഈ.ബി ഗ്രിഡില്ലെക്ക് പദ്ധതിയില്‍ നിന്നും വൈദ്യുതിയും നല്‍കിയിരുന്നു. രാജ്യത്തെ കുടിവെള്ളക്ഷാമത്തെ തന്നെ ഇല്ലാതാകുന്ന ഒരു പദ്ധതിയും ഇതിനോടപ്പം വിജയം കണ്ടു. പദ്ധതിയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് കടല്‍ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന പദ്ധതിയാണ് വിജയം കണ്ടത്ത്. എന്നാല്‍ ശുദ്ധീകരിക്കുന്ന വെള്ളം പൊതുവിതരണ ശൃംഖലയില്‍ എത്തിക്കാന്‍ സാധിക്കാത്തതുമൂലം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. ഇതിന് പിന്നാലെ പതിയെ അധികൃതരുടെ താല്‍പ്പര്യമില്ലായ്മ കാരണം 1998-ല്‍ സംസ്ഥാന സര്‍ക്കാര്‍ 'തിരമാലകളില്‍ നിന്നും വൈദ്യുതി' എന്ന പദ്ധതി പൂര്‍ണമായും ഉപേക്ഷിച്ചു. 

സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ അന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നെങ്കിലും കെയ്‌സൊണിന്റെ മുകള്‍ ഭാഗമായ 'ഡൂം' ഉഗ്ര സ്‌ഫോടന ശേഷിയുള്ളതാണെന്നും ഇത് ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ വന്‍ ദുരന്തം ഉണ്ടാകുമെന്നും കാണിച്ച് അധികൃതര്‍ തടിത്തപ്പി. നിലവില്‍ പദ്ധതിയ്ക്ക് വേണ്ടി ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടര്‍ നിയന്ത്രിത കണ്‍ട്രോള്‍ യൂണിറ്റ്, കടല്‍ വെള്ളം ശുദ്ധീകരിക്കാനുള്ള ഡീസാലിനേഷന്‍ പ്ലാന്റ്, ഇംപലസ് ടര്‍ബൈന്‍ എന്നീ പ്രധാന ഉപകരണങ്ങള്‍ എന്‍.ഐ.ഓ.റ്റിയില്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. പിന്നീട് പദ്ധതി പ്രദേശം സാമൂഹ്യവിരുദ്ധ താവളമായത്തോടെ അധികൃതര്‍ കരയും കെയ്‌സോണും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇരുമ്പ് പാലം പൊളിച്ചു മാറ്റി. നിലവില്‍ നിരവധി പേരുടെ കഠിനാധ്വാനത്തിന്റെയും സ്വപ്‌നത്തിന്റെയും ബാക്കി പത്രം എന്ന നിലയില്‍ അവശേഷിക്കുന്നത് ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന കോണ്‍ക്രീറ്റ് പേടകം മാത്രമാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

രാഹു കാലം കഴിയാതെ ഓഫീസിൽ കയറില്ലെന്ന് പുതിയ ചെയർപേഴ്സൺ, മുക്കാൽ മണിക്കൂറോളം കാത്ത് നിന്ന് ഉദ്യോഗസ്ഥർ !
വിവാദങ്ങൾക്കിടയിൽ തൃശൂർ മേയറായി സത്യപ്രതിജ്ഞ ചെയ്ത് ഡോ. നിജി ജസ്റ്റിൻ; കിരീടമണിയിച്ച് കോൺ​ഗ്രസ്, വോട്ട് ചെയ്ത് ലാലി ജെയിംസ്