Latest Videos

വേങ്ങരയില്‍ പി.പി.ബഷീര്‍ ഇടത് മുന്നണി സ്ഥാനാര്‍ഥി

By Web DeskFirst Published Sep 17, 2017, 6:26 PM IST
Highlights

കോഴിക്കോട്: വേങ്ങരയിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. സിപിഎം തിരൂരങ്ങാടി ഏരിയാ കമ്മിറ്റിയംഗം പി പി ബഷീര്‍ തന്നയാണ് ഉപതെരഞ്ഞെടുപ്പിലും മത്സരിക്കുന്നത്.യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ രണ്ട് ദിവസത്തിള്ളില്‍ തീരുമാനമാകുമെങ്കിലും ലീഗില്‍ പുതിയ തര്‍ക്കങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്.

പൊതസമ്മതരായ സ്വതന്ത്രരെ പരീക്ഷിക്കാന്‍ ഒരു വേള സിപിഎം ഒരുങ്ങിയെങ്കിലും പാര്‍ട്ടി അംഗത്തെ തന്നെ മത്സരിപ്പിക്കാന്‍ ഒടുവില്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടപ്പില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച പി പി ബഷീറിനെ തന്നെയാണ് ഇക്കുറിയും ഇടത് മുന്നണി വേങ്ങരയില്‍ പോരാട്ടത്തിനിറക്കുന്നത്. 38057 വോട്ടുകള്‍ക്കാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍പി പി ബഷീര്‍ കുഞ്ഞാലിക്കുട്ടിയോട് പരാജയപ്പെട്ടത്. ഇക്കുറി മാറ്റം സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് പി പി ബഷീര്‍.

നേരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ഇടത് മുന്നണി തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടക്കുമ്പോള്‍ യുഡിഎഫ് പാളയത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കുത്തക സീറ്റില്‍ കുഞ്ഞാലിക്കുട്ടിയുടെ പകരക്കാരനെ തീരുമാനിക്കാനായി ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ യുവജന വിഭാഗം  ലീഗിന് വെല്ലുവിളി ഉയര്‍ത്തുകയാണ്. യൂത്ത് ലീഗ് നേതാക്കളെ വേങ്ങരയിലേക്ക് പരിഗണിക്കില്ലെന്ന സൂചന കിട്ടിയതോടെ സ്ഥാനാര്‍ത്ഥി പട്ടികയിലുള്ള കെപിഎ മജീദിനെയും, കെഎന്‍എ ഖാദറിനേയും കണക്കറ്റ് പരിഹസിച്ച് എംഎസ്എഫ് ദേശീയസെക്രട്ടറി എന്‍ എ കരീം ഫേസ്‌ബുക്ക് പോസ്റ്റിട്ടു.

പിന്നാലെ കരീമിനെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് നീക്കിയതില്‍ ഒരു വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ട്. തിങ്കളാഴ്ച ചേരുന്ന ലീഗ് യോഗത്തോടെ സ്ഥാനാര്‍ഥിയാരെന്ന് അന്തിമ തീരുമാനമുണ്ടാകുമന്നാണ് അറിയുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ ബിജെപിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. സംസ്ഥാന നേതാക്കളില്‍ ആരെങ്കിലും മത്സരിക്കുമെന്നാണ് അറിയുന്നത്.

click me!