ഡോക്ടറും നഴ്‌സുമാരുമില്ല; പ്രസവവേദനയുമായെത്തിയ യുവതി ആശുപത്രി വരാന്തയില്‍

By Web DeskFirst Published Oct 18, 2017, 8:28 PM IST
Highlights

ബംഗളൂരു: ഡോക്ടറും നഴ്‌സുമാരുമില്ലാത്തതിനാല്‍, പ്രസവവേദനയുമായെത്തിയ യുവതി ആശുപത്രി വരാന്തയില്‍ കിടന്നത് രണ്ട് മണിക്കൂറോളം. കര്‍ണാടകത്തിലെ മാണ്ഡ്യയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ് സംഭവം. കിലോ മീറ്ററുകള്‍ അകലെയുളള ഗ്രാമത്തില്‍ നിന്ന് വേദനകൊണ്ടെത്തിയ യുവതി അവശയായി വരാന്തയില്‍ കിടന്ന ഇരുപത്തിരണ്ടുകാരി ദിവ്യയെ നോക്കാന്‍ ഡോക്ടര്‍മാര്‍ ആരും എത്തിയില്ല.

മാണ്ഡ്യ ബേലകവാഡിയിലെ സര്‍ക്കാര്‍ ആശുപത്രി വരാന്തയിലാണ് സംഭനം. അമ്മയും സഹോദരിയും ദിവ്യക്കൊപ്പമുണ്ടായിരുന്നു. ഇവരെത്തുമ്‌പോള്‍ ആശുപത്രി തുറന്നിട്ടില്ല. ഡോക്ടര്‍മാരും നഴ്‌സുമാരുമിമെത്തിയിട്ടില്ല. അടുത്ത ഗ്രാമത്തിലും പ്രാഥമികാരോഗ്യകേന്ദ്രം തുറന്നിട്ടില്ലെന്ന് അന്വേഷിച്ചപ്പോള്‍ അറിഞ്ഞു.

സംഭവമറിഞ്ഞ് നാട്ടുകാരില്‍ ചിലരും പ്രാദേശിക മാധ്യമപ്രവര്‍ത്തകരും സ്ഥലത്തെത്തി. ആശുപത്രി ജീവനക്കാരെ വിളിച്ചു. മാലവളളി താലൂക്ക് ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വിട്ടുതരാന്‍ ആവശ്യപ്പെട്ടു. ആംബുലന്‍സ് കേടാണെന്നായിരുന്നു മറുപടി. ഡോക്ടര്‍ എത്തില്ലെന്നും അറിയിച്ചു. ഒടുവില്‍ രണ്ട്  മണിക്കൂറോളം വരാന്തയില്‍ കിടന്ന യുവതിയെ മറ്റൊരു ആംബുലന്‍സ് വിളിച്ച് നാട്ടുകാര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വൈകാതെ യുവതി ഒരു ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി. സംസ്ഥാനത്തെ ആശുപത്രികളിലെ കെടുകാര്യസ്ഥതയ്ക്ക്  ഒടുവിലത്തെ ഉദാഹരമാണ് മാണ്ഡ്യയിലേത്. കൈക്കൂലി കൊടുക്കാത്തതിന് ബെല്ലാരിയില്‍ രോഗിയായ വൃദ്ധദമ്പതികള്‍ക്ക് വീല്‍ച്ചെയര്‍ നിഷേധിച്ചതും സ്‌ട്രെച്ചറില്ലാത്തതിനാല്‍ കല്‍ബുര്‍ഗിയില്‍ യുവാവിന് അമ്മയുടെ മൃതദേഹം തോളിലേറ്റേണ്ടി വന്നതും ഈയിടെ വിവാദമായിരുന്നു.
 

click me!