ബിനോയിക്കെതിരെ പരാതി നല്‍കിയ അറബ് പൗരന്റെ വാര്‍ത്ത സമ്മേളനം ഇന്നില്ല

By Web DeskFirst Published Feb 5, 2018, 7:36 AM IST
Highlights

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പരാതിപ്പെട്ട യുഎഇ പൗരന്‍ മര്‍സൂഖി ഇന്ന് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം മാറ്റിവച്ചു. വിഷയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് കരുനാഗപ്പള്ളി സബ് കോടതിയുടെ വിലക്കുള്ളതിനാലാണിത്. വിലക്കിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മേളനം റദ്ദാക്കി ദില്ലിക്ക് മടങ്ങുകയാണെന്ന് കാണിച്ച് മര്‍സൂഖിയുടെ അഭിഭാഷകന്‍ പ്രസ് ക്ലബ് അധികൃതര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്. 

കോടിയേരിയുടെ മകന്‍ ബിനോയ് കോടിയേരിയും, ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന് ശ്രീജിത്ത് വിജയനും കോടികള്‍ തട്ടിച്ചെന്നാണ് യുഎഇ പൗരന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂഖി സിപിഎം നേതൃത്വത്തിന്  നല്‍കിയ പരാതി. ഇതേചൊല്ലിയുള്ള വിവാദങ്ങള്‍ ശക്തമാകുന്നതിനിടെയാണ് മര്‍സൂഖി തിരുവനന്തപുരം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തിനായി പണമടച്ചത്. ഇന്ന് വൈകുന്നേരം വാര്‍ത്തസമ്മേളനം നടത്താനായിരുന്നു മര്‍സൂഖിയുടെ അഭിഭാഷകന്‍ അപേക്ഷ നല്‍കിയത്.

ഇതിനിടെയാണ് കോടതിയുടെ ഇടപെടല്‍ ഉള്‍പ്പെടെയുള്ള നാടകീയ നീക്കങ്ങളുണ്ടായത്. ശ്രീജിത്ത് വിജയന്റെ  പരാതിയില്‍  ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് കഴിഞ്ഞ ദിവസം  കരുനാഗപ്പള്ളി സബ് കോടതി വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ഇതാണ് മര്‍സൂഖിയുടെ പിന്മാറ്റത്തിനുള്ള കാരണമായി കരുതപ്പെടുന്നത്. ഇതിനിടെ മര്‍സൂഖിയും അഭിഭാഷകനും കേരളത്തിലെത്തി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍  നടത്തിയതായി ചില സൂചനകളുണ്ടായിരുന്നു. വാര്‍ത്താസമ്മേളനം വിളിച്ചത് തന്നെ പണം കിട്ടാനുള്ള സമ്മര്‍ദ്ദതന്ത്രമാണെന്ന് മര്‍സൂഖിയുടെ അഭിഭാഷകന്‍ രാംകിഷോര്‍ തന്നെ നേരത്തെ  വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കോടതി വിലക്ക് നീക്കാന്‍ മര്‍സൂഖി ശ്രമിക്കുമോ എന്നാണ്് ഇനി അറിയേണ്ടത്.
 

click me!