സ്വകാര്യ ആശുപ്രതി നഴ്സുമാർ വീണ്ടും സമരത്തിന്

By Web DeskFirst Published May 10, 2018, 9:30 AM IST
Highlights
  • സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾക്കെതിരെ യുഎന്‍എ
  • 'ശമ്പളപരിഷ്കരണ ഉത്തരവ് അട്ടിമറിക്കുന്നു'
  • 'പുതുക്കിയ ശമ്പളം നൽകിയില്ലെങ്കിൽ സമരം'

കോഴിക്കോട്: സ്വകാര്യ ആശുപത്രി നഴ്സുമാർ  വീണ്ടും സമരത്തിന് ഒരുങ്ങുന്നു. മെയ് 31 നകം പുതുക്കിയ ശമ്പളം നൽകണം, ആശുപത്രി ഉടമകൾ ശമ്പള പരിഷ്കരണ ഉത്തരവ് അട്ടിമറിക്കുന്നുവെന്നും നഴ്സുമാരുടെ സംഘടന.

സർക്കാർ‍ പുറത്തിറക്കിയ ശമ്പളപരിഷ്കരണ ഉത്തരവ് അട്ടിമറിക്കാൻ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ ശ്രമിക്കുന്നുവെന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ. ഈ മാസത്തിനകം പുതുക്കിയ ശമ്പളം നൽകിയില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും  യുഎൻഎ വ്യക്തമാക്കി. ഏപ്രിൽ 23 ന് ആണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളപരിഷ്കരണ ഉത്തരവ് സർക്കാർ പുറത്തിറക്കിയത്.കുറഞ്ഞ ശമ്പളം 20000 രൂപയാക്കി ഉയർത്തിയായിരുന്നു ഉത്തരവ്. എന്നാൽ ആശുപത്രി മാനേജ്മെന്റുകൾ ഉത്തരവ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് യുഎൻഎ യുടെ ആരോപണം.

സർക്കാർ ഉത്തരവിനെതിരെ ആശുപത്രി മാനേജ്മെന്റുകൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഉത്തരവ് കോടതി സ്റ്റേ ചെയ്താൽ നഴ്സുമാരെ അണിനിരത്തി തിരുവനന്തപുരത്തേക്ക് ലോങ് മാർച്ച് നടത്തും. ചേർത്തല കെവിഎം ആശുപത്രിയിലെ സമരം ഒത്തുതീർപ്പാക്കാൻ മുൻകയ്യെടുക്കുന്ന മുന്നണിയെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ സഹായിക്കുമെന്നും ജാസ്മിൻ ഷാ വ്യക്തമാക്കി. ആരും സഹായിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് വോട്ട് ചെയ്യാനാണ് യുഎൻഎ യുടെ ആഹ്വാനം.

 

click me!