അമ്മയുടെ 'സീറ്റില്‍' ഇനി പ്രിയങ്കയോ? സോണിയയുടെ തീരുമാനം നിര്‍ണായകം

By Web DeskFirst Published Dec 16, 2017, 7:39 AM IST
Highlights

ദില്ലി: രാഹുല്‍  ഗാന്ധി കോണ്‍ഗ്രസ് അമരത്തേക്ക് എത്തുമ്പോൾ പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ ഭാവിയെ കുറിച്ചുള്ള ചര്‍ച്ചകളും ഉയരുകയാണ്. കഴി‍ഞ്ഞ യു.പി തെരഞ്ഞെടുപ്പിൽ പ്രിയങ്കയെ പ്രചരണത്തിനിറക്കണമെന്ന് ആവശ്യം ഗുലാം നബി ആദാസിനെ പോലുള്ള മുതിര്‍ന്ന നേതാക്കൾ ഉന്നയിച്ചിരുന്നു. എന്നാൽ രാഹുലിനെ മറികടക്കാൻ ഒരിക്കലും പ്രിയങ്ക ഗാന്ധി തയ്യാറല്ലായിരുന്നു.

റോബര്‍ട്ട് വധ്രയുടെ ഭൂമിയിടപാട് 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി ആയുധമാക്കിയപ്പോൾ പ്രിയങ്ക ഗാന്ധി നൽകിയ തീപ്പൊരി മറുപടി പാര്‍ട്ടിക്കാര്‍ മറന്നിട്ടുണ്ടാവില്ല. ഈ തീപ്പൊരി ശൈലി തന്നെയാണ് പ്രിയങ്കക്ക് വേണ്ടി കോണ്‍ഗ്രസിൽ ശബ്ദമുയരാൻ കാരണം. ഇന്ദിരാഗാന്ധിയുടെ മുഖസാദൃശ്യവും പ്രിയങ്ക ഗാന്ധിയുടെ സ്വീകാര്യത കൂട്ടി.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 206ൽ നിന്ന് 44 സീറ്റിലേക്ക് കൂപ്പുകുത്തിയപ്പോൾ ഇനി കോണ്‍ഗ്രസിനെ രക്ഷിക്കാൻ പ്രിയങ്കക്ക് മാത്രമെ സാധിക്കൂ എന്ന ചര്‍ച്ചകൾ സജീവമായി. എന്നാൽ രാഹുൽ ഗാന്ധിയെ മറികടക്കാൻ ഒരിക്കലും പ്രിയങ്ക തയ്യാറായില്ല. രാഹുലിന് ആത്മവിശ്വാസം പകര്‍ന്നുനൽകാൻ പ്രിയങ്ക പലപ്പോഴും മുൻകയ്യെടുത്തു.

രാഹുൽ കോണ്‍ഗ്രസ് അദ്ധ്യക്ഷനായ സാഹചര്യത്തിൽ പ്രിയങ്കയുടെ സ്ഥാനം രാഹുലിന്റെ സഹോദരി എന്നത് മാത്രമാകുമോ അതോ പാര്‍ടിയിൽ ഔദ്യോഗിക സ്ഥാനം ഉണ്ടാകുമോ എന്നതാണ് എല്ലാവരും ചര്‍ച്ച ചെയ്യുന്നത്. ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് വിരമിക്കുന്ന സോണിയാ ഗാന്ധിക്ക് പകരം റായ്ബറേലിയിൽ 2019ലെ തെരഞ്ഞെടുപ്പിൽ പ്രിയങ്ക സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

click me!