കൊല്ലം വെടിക്കെട്ട് അപകടം; അന്വേഷണസംഘം രൂപീകരിച്ചു

By gopala krishananFirst Published Apr 11, 2016, 6:46 AM IST
Highlights

കൊല്ലം: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. എസ് പിയും മൂന്ന് ഡിവൈഎസ്‌പിമാരും അടങ്ങുന്നതാണ് അന്വേഷണ സംഘം. ക്രൈം ബ്രാഞ്ച് സംഘത്തില്‍ ഫോറന്‍സിക് വിദഗ്ദ്ധരും ഉള്‍പ്പെടുന്നു. സ്ഫോടനത്തിന് കാരണമായ എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്ന് ക്രൈം ബ്രാഞ്ച് എ‍ഡിജിപി ആനന്തകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഉദ്യോഗസ്ഥ വീഴ്ചയും അന്വേഷിക്കും.അന്വേഷണപരിധിയില്‍ ഉദ്യോഗസ്ഥരും വരുമെന്ന് എ‍ഡിജിപി ആനന്തകൃഷ്ണന്‍ പറഞ്ഞു. ഉത്സവക്കമ്മിറ്റി ഭാരവാഹികള്‍ക്കും കമ്പം നടത്തിപ്പുകാരും ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തിട്ടുണ്ട്. പരവൂര്‍ പൊലീസ് അപകട സ്ഥലത്ത് പരിശോധന നടത്തി. കണ്‍ട്രോളര്‍ ഓഫ് എക്‌സ്പ്ലോസിവ് തലവന്‍ ഡോ.വേണുവും അപകട സ്ഥലത്തെത്തിയിട്ടുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെ 3.15നായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ചു നടത്തിയ മത്സര വെടിക്കെട്ടിനിടെ ഒരു അമിട്ട് പൊട്ടിത്തെറിച്ച് ക്ഷേത്രവളപ്പിലെ തെക്കേ കമ്പപ്പുരയില്‍ വീണാണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്. കോണ്‍ക്രീറ്റ് നിര്‍മിതമായ കമ്പപ്പുരയില്‍ സൂക്ഷിച്ചിരുന്ന അമിട്ടുകളും ഗുണ്ടുകളും ഞൊടിയിടയില്‍ പൊട്ടിത്തെറിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ക്ഷേത്രഗേറ്റിനു മുന്‍വശവും പരിസരവും അഗ്നിഗോളമായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ക്ഷേത്രപരിസരത്തിന് ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ നൂറുകണക്കിനു വീടുകള്‍ക്കും നാശം സംഭവിക്കുകയായിരുന്നു.

click me!