
ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടി പഞ്ചാബിൽ പണം വാങ്ങിയാണ് സീറ്റ് നൽകുന്നതെന്ന ആരോപണവുമായി മുൻ സംസ്ഥാന സമിതി അംഗം സരബ്‍ജിത്ത് സിംഗ്. ജനങ്ങളുടെ അഭിപ്രായം ചോദിച്ച് സ്ഥാനാർത്ഥികളെ നിർണ്ണയിക്കുമെന്ന വാഗ്ദാനം അരവിന്ദ് കേജ്രിവാൾ ലംഘിച്ചെന്നും ആരിൽ നിന്നും അഭിപ്രായം തേടിയില്ല, പണം വാങ്ങിയാണ് സ്ഥാനാർത്ഥികളെ നിർണ്ണയിച്ചതെന്നും സരബ്‍ജിത്ത് സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ നാല് സീറ്റ് നേടി വരവറിയിച്ച ആം ആദ്മി പാർട്ടി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതീക്ഷയിൽ തന്നെയാണ്. പുറത്തുവന്ന പ്രീ പോൾ സർവ്വേ ഫലങ്ങളും ആം ആദ്മി പാർട്ടിക്ക് അനുകൂലമാണ്. എന്നാൽ ആം ആദ്മി പാർട്ടി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രവർത്തകർ പാർട്ടിയിൽ നിന്നും കഴിഞ്ഞ മാസം പുറത്ത് പോയി.
കൈക്കൂലി വാങ്ങിയാണ് ആംആദ്മി പാർട്ടി സ്ഥാനാർത്ഥികളെ നിർണ്ണയിക്കുന്നതെന്നും പാർട്ടിയുടെ സ്ഥാപക നേതാക്കളെയടക്കം തഴഞ്ഞെന്നും മുൻ സംസ്ഥാന സമിതി അംഗം സരബ്ജീത്ത് സിംഗ് ആരോപിക്കുന്നു. പ്രീ പോൾ സർവ്വേകളിൽ 44 മുതൽ 100 സീറ്റ് വരെയാണ് ആം ആദ്മി പാർട്ടിക്ക് കിട്ടുമെന്ന് പ്രവചിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ 20 സീറ്റിലധികം ആപ് നേടില്ലെന്ന് സരബ്ജീത്ത് സിംഗ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam