എച്ച്  1 ബി വിസ നിയമം പരിഷ്കരിക്കുന്നു: ഇന്ത്യക്കാര്‍ക്ക് തിരിച്ചടി

By Web DeskFirst Published Jan 2, 2018, 5:30 PM IST
Highlights

ന്യൂയോര്‍ക്ക്  : എച്  1 ബി വിസ നിയമത്തില്‍ സമഗ്ര ഭേദഗതി വരുത്താനൊരുങ്ങി ട്രംപ് ഭരണകൂടം. അമേരിക്കയില്‍ ടെക് കമ്പനികളുടെ പ്രവര്‍ത്തനം ഏറെ ദുഷ്‌കരമാക്കുന്ന വിധത്തിലുള്ള മാറ്റമാണ് വരുത്തുന്നത്. ഇതോടെ അമേരിക്കയില്‍ ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാര്‍ക്ക് അവിടം വിട്ട് പോരേണ്ടി വരും. 

വിസ നിയമം കര്‍ശനമാകുന്നതോടെ ഏകദേശം ആയിരക്കണക്കിന് ഇന്ത്യക്കാര്‍ അമേരിക്ക വിട്ടു പോരേണ്ടി വരുമെന്നാണ് കരുതുന്നത്. എച്-1 ബി വിസക്കാര്‍ക്ക് വിസയുടെ കാലാവധി നീട്ടികൊടുക്കുന്നത് നിര്‍ത്തലാക്കാനാണ് വാഷിംഗ്ടണ്‍ ആലോചിക്കുന്നത്. ഗ്രീന്‍ കാര്‍ഡ്, യു എസ് പൗരത്വം എന്നിവ നേടുന്നതിനുള്ള അപേക്ഷകള്‍ മേലില്‍ പരിഗണിക്കേണ്ടതില്ലെന്നാണ് ഹോം ഡിപ്പാര്‍ട്‌മെന്‍റിന് രഹസ്യമായി നല്‍കിയിട്ടുള്ള ഇന്‍റേണല്‍ മെമ്മോയില്‍ പറഞ്ഞിരിക്കുന്നത്. 

നിയമം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ അമേരിക്ക വിട്ടു പോരേണ്ടി വരുമെന്നാണ് കരുതുന്നത്. നിലവില്‍ മൂന്ന് വര്‍ഷത്തേയ്ക്കാണ് എച്ച് 1 ബി വിസ അനുവദിക്കുന്നത്. ഇത് പിന്നീട് നീട്ടിക്കൊടുക്കുകയും ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ച് അവിടെ തുടരുകയുമാണ് പതിവ്. എന്നാല്‍, ഇത്തരത്തില്‍ കാലാവധി നീട്ടേണ്ടതില്ലെന്നാണ് പുതിയ തീരുമാനം.

വിദഗ്ദരായ ജോലിക്കാരെ ആകര്‍ഷിക്കുന്നതിന് ഒബാമ ഭരണകൂടം കൊണ്ട് വന്ന എച് -4 ഇ എ ഡി വിസയും ഫെബ്രുവരി മുതല്‍ നിര്‍ത്തലാക്കും. ഇവരുടെ ഭാര്യക്കോ, ഭര്‍ത്താവിനോ ജോലി ചെയ്യാന്‍ പറ്റുന്ന വിധത്തില്‍ എച് 1 ബി വിസ നല്‍കുന്നതും നിര്‍ത്തലാക്കും. ഇന്ത്യക്കാരെയാണ് ഇത് ഏറ്റവും കൂടുതലായി ബാധിക്കുക. ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ ചൈനക്കാരാണ് കൂടുതല്‍ ഈ സംവിധാനം ഉപയോഗിക്കുന്നത്.

click me!