ബിവറേജസ് ഷോപ്പിനെതിരെ സമരം; അറസ്റ്റിലായ 47 പേരെ വിട്ടയച്ചു

By Web DeskFirst Published Jun 28, 2018, 4:34 PM IST
Highlights
  • സമരക്കാരുടെ പേരിൽ കേസെടുക്കില്ല
  • നാളെ മുതൽ നിരാഹാര സമരം തുടങ്ങുമെന്ന് സമരസമിതി
  • സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകുമെന്ന് വി എം സുധീരൻ

തിരുവനന്തപുരം: മുട്ടത്തറയിലെ ബിവറേജസ് ഔട്ട്‍ലെറ്റിനെതിരെ സമരം നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്തവരെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് വിട്ടയച്ചു. സ്ത്രീകളുള്‍പ്പെടെ 47 പേരെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. മുട്ടത്തറ ഔട്ട്ലെറ്റിനു മുന്നില്‍ നാളെ മുതല്‍ സമരം നടത്തുമെന്ന് വി.എം സുധീരന്‍ പ്രഖ്യാപിച്ചു.

നാളെ രാവിലെ 10 മണി മുതൽ മുട്ടത്തറ ബിവറേജസ് ഔട്ട് ലെറ്റിനു മുന്നിൽ വി.എം സുധീരന്റെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തും. രണ്ടു മാസത്തോളമായി മുട്ടത്തറ ഔട്ടലെറ്റിനു മുന്നില്‍ സമരം നടത്തി വന്ന സമരസമിതി നേതാക്കളെയും പ്രവര്‍ത്തകരെയുമാണ് ഇന്ന് പുലര്‍ച്ചെ പൊലീസ് അറസ്റ്റ് ചെയ്തത്. സമരപ്പന്തല്‍ പൊളിച്ചു നീക്കിയ ശേഷമായിരുന്നു അറസ്റ്റ്. സമീപത്തെ ക്ഷേത്രത്തിലെത്തിയവരെ പോലും അറസ്റ്റ് ചെയ്തതായി സമരക്കാര്‍ ആരോപിച്ചു. 

അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വിഎം സുധീരന്‍ നന്ദാവനം എആര്‍ ക്യാമ്പിലെത്തി. പിന്നാലെ എംഎല്‍എമാരായ വി.എസ് ശിവകുമാറും വിഡി സതീശനുമെത്തി. ശനിയാഴ്ച ദേശീയ പാത ഉപരോധിച്ച് സമരം ചെയ്യുമെന്ന് സമരസമിതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അറസ്റ്റിലായവരെ വിട്ടയക്കാനാകില്ലെന്നായിരുന്നു പൊലീസ് നിലപാട്. മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ കേസെടുക്കാതെ എല്ലാവരെയും വിട്ടയക്കാന്‍ പൊലീസ് തീരുമാനിച്ചത്. സമരത്തിന് പിന്തുണയുമായി ലത്തീന്‍ സഭാ പ്രതിനിധികളും പാളയം ഇമാം ഷുഹൈബ് മൗലവിയും വിവിധ സംഘടനാ ഭാരവാഹികളുമെത്തിയിരുന്നു.

click me!