
ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ തീരുമാനത്തിനെതിരെ വൈറ്റ് ഹൗസിന് മുന്നിലും പ്രതിഷേധം. പലസ്തീനിലും ജോർദാനമടക്കമുള്ള രാജ്യങ്ങളിലും ശക്തമായ പ്രതിഷേധം തുടരുകയാണ്. വൈസ് പ്രസിഡന്റുമായുള്ള ചർച്ച റദ്ദാക്കിയ പാലസ്തീന്റെ നടപടി വിപരീത ഫലമുണ്ടാക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. പ്രശ്നം ഇന്ന് യുഎൻ രക്ഷാസമിതി ചർച്ചചെയ്തേക്കും.
പശ്ചിമേഷ്യൻ സമാധാന ശ്രമങ്ങൾക്ക് ട്രംപിന്റെ തീരുമാനം ഉണ്ടാക്കിയ തിരിച്ചടി ചെറുതല്ല. പാലസ്തീനിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനം ഇസ്രായേൽ സേന്യവുമായി പലയിടത്തും ഏറ്റുമുട്ടി. പ്രതിഷേധക്കാർക്ക് നേരെ ഇസ്രയേൽ സേന വെടിയുതിത്തു. കണ്ണീർ വാതകവും പ്രയോഗിച്ചു. സംഘർഷങ്ങളിൽ മുപ്പതിലേറെ പേർക്ക് പരിക്കേറ്റു. പ്രതിഷേധങ്ങൾ നേരിടാൻ ഇസ്രായേൽ കൂടുതൽ സൈന്യത്തെ മേഖലയിൽ വിന്യസിച്ചു. അമേരിക്കൻ തീരുമാനത്തെ അറബ് രാജ്യങ്ങൾ ശക്തമായ ഭാഷയിൽ അപലപിച്ചു. പശ്ചിമേഷ്യയെ ട്രംപ് തീയിലേക്കെടുത്തെറിഞ്ഞെന്ന് തുർക്കി പ്രസിഡന്റ് പറഞ്ഞു. ബ്രിട്ടൺ, ജർമ്മനി, ഫ്രാൻസടക്കമുള്ള രാജ്യങ്ങൾ നേരത്തെ അമേരിക്കൻ താരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. അറബ് ലീഗ് ഉടൻ യോഗം ചേരുമെന്നും റിപ്പോർട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീൻ സന്ദർശിക്കുമെന്ന് പലസ്തീൻ അംബാസഡർ അഡ്നാൻ എ. അലിഹൈജ അറിയിച്ചു. സന്ദർശനം എന്നുണ്ടാവുമെന്നതിൽ വ്യക്തതയില്ല.
അതിനിടെ ഡിസംബർ അവസാനം അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പാലസ്തീൻ പ്രസിഡന്റ് മെഹബൂദ് അബ്ബാസുമായി നടത്താനിരുന്ന ചർച്ച പാലസ്തീൻ വേണ്ടെന്ന് വച്ചു. പെൻസ് പാലസ്തീനിലേക്ക് വരേണ്ടതില്ലെന്ന് ഫത പാർട്ടിയുടെ മുതിർന്ന നേതാവായ ജിബ്രിൽ രജൗബ് പ്രഖ്യാപിച്ചു. പാലസ്തീൻ താരുമാനം മേഖലയിലെ പ്രശ്ന പരിഹാരത്തിന് വിപരീത ഫലമാകും ഉണ്ടാക്കുകയെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. മൈക്ക് പെൻസിന്റെ സന്ദർശനവുമായി മുന്നോട്ട് പോകാനാകുമെന്നാണ് പ്രതീക്ഷയെന്നും വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കയുടെ പുതിയ നീക്കവും തുടർന്നുള്ള സാഹചര്യങ്ങളും ചർച്ച ചെയ്യാൻ യുഎൻ സുരക്ഷാ സമിതി ഇന്ന് യോഗം ചേരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam