
കാസര്‍കോട്: അതിവേഗ റെയില്‍ പാതയുടെ സാധ്യതാ പഠനത്തില്‍ കാസര്‍കോടിനെ അവഗണിച്ചതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. കണ്ണൂര്‍ വരെ മാത്രമായി ചുരുക്കി കേന്ദ്ര സര്‍ക്കാരിന് കരട് റിപ്പോര്‍ട്ട് നല്‍കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെയാണ് കാസര്‍കോട് പ്രതിഷേധം ശക്തമാവുന്നത്.
രണ്ടര മണിക്കൂര്‍കൊണ്ട് കേരളത്തിന്റെ തെക്കേ അറ്റത്തു നിന്നും വടക്കേ അറ്റത്ത് എത്തുന്ന രീതിയിലാണ് അതിവേഗ റയില്‍പാത വിഭാവനം ചെയ്തിരിക്കുന്നത്. അതിവേഗ റയില്‍ പാത തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയെന്നായിരുന്നു ധാരണ. എന്നാല്‍ പദ്ധതിയുടെ സാധ്യതപഠനം പൂര്‍ത്തിയായതോടെയാണ് കാസര്‍ഗോഡ് ജില്ലയെ തഴഞ്ഞ വിവരം പുറത്തറിയുന്നത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയായാണ് അതിവേഗ റയില്‍പാതയുടെ സാദ്ധ്യതാ പഠനം പൂര്‍ത്തിയാക്കിയത്. നിരവധി പുഴകള്‍ ഉള്ളതിനാല്‍ പാത കാസര്‍കോട്ടേക്ക് നീട്ടുന്നത് ലാഭകരമല്ലെന്നാണ് സാധ്യത പഠനം നടത്തിയ ഡി എം ആര്‍ സിയുടെ നിലപാട്. എന്നാല്‍ ഇതു കാസര്‍കോടിനോടുള്ള അവഗണനയെന്നാണ് ജില്ലയുടെ വികാരം. സാമൂഹ്യപ്രവര്‍ത്തകരും ജനപ്രതിനിധികളും അവഗണനക്കെതിരെ സമരരംഗത്താണ്.
ജനവികാരം മാനിച്ച് അതിവേഗ റയില്‍പാത കാസര്‍കോട്ടേക്കുകൂടി നീട്ടുമെന്ന പ്രതീക്ഷയിലാണ് ജനപ്രതിനിധികള്‍. ആവശ്യമെങ്കില്‍ ജില്ലയിലെ മുഴവന്‍ ജനപ്രതിനിധികളും ഒന്നിച്ച് മുഖ്യമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനേയും കണ്ട് ആവശ്യം ഉന്നയിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam