പുല്‍വാമ ആക്രമണം: ഒറ്റപ്പെട്ട പാക്കിസ്ഥാന് സഹായ വാഗ്ദാനവുമായി സൗദി

By Web TeamFirst Published Feb 18, 2019, 6:26 AM IST
Highlights

പാക്കിസ്ഥാൻ സന്ദർശിക്കുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് 2,000 കോടി ഡോളറിന്റെ നിക്ഷേപ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. 

ഇസ്ലാമാബാദ്: പുൽവാമ ആക്രമണത്തെ തുടർന്ന് ഒറ്റപ്പെട്ട പാക്കിസ്ഥാന് സൗദിയുടെ സഹായ വാഗ്ദാനം. പാക്കിസ്ഥാൻ സന്ദർശിക്കുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് 2,000 കോടി ഡോളറിന്റെ നിക്ഷേപ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടിയാണ് ഇത്. പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് പുൽവാമ ആക്രണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തതോടെ അമേരിക്കയും റഷ്യയും ഇസ്രായേലും ഉൾപ്പെടെയുള്ള രാജ്യങ്ങൾ പാക്കിസ്ഥാനെതിരെ രംഗത്തെത്തിയിരുന്നു. 

ഭീകര സംഘടനകൾക്കുള്ള സഹായം നിർത്തണമെന്ന് അമേരിക്ക രൂക്ഷമായ ഭാഷയിൽ തന്നെ പാക്കിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തു. ഉറ്റ സൗഹൃദ രാജ്യം എന്ന പദവി ഇന്ത്യയും എടുത്തു കളഞ്ഞു. ഇതേതുടർന്ന് ഒറ്റപ്പെട്ട പാക്കിസ്ഥാനാണ് അപ്രതീക്ഷിതമായി സൗദിയുടെ സഹായമെത്തിയത്. 

പുൽവാമ ആക്രണത്തിന് പിന്നാലെ നേരത്തെ, പാക് സന്ദർശനത്തിൽ നിന്ന് സൽമാൻ രാജകുമാരൻ പിന്മാറിയേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. സന്ദർശനം ഒരു ദിവസം വൈകിക്കുകയും ചെയ്തു. ഇതേതുടർന്ന് ആശങ്കയിലായ പാക്കിസ്ഥാന് പുതുജീവൻ നൽകുന്നതാണ് സൗദിയുടെ സഹായ വാഗ്ദാനം. പാക് സന്ദർശനത്തിന് ശേഷം സൗദി കിരീടാവകാശി ദ്വിദിന സന്ദർശനത്തിനായി ചൊവ്വാഴ്ച ഇന്ത്യയിലെത്തും.

click me!