മയക്കുമരുന്ന് വിറ്റെന്ന് ആരോപിച്ച് യുവാവിനെ കൈയ്യും കാലും വെട്ടിയ ശേഷം അടിച്ചുകൊന്നു

By Web DeskFirst Published Jun 9, 2017, 6:30 PM IST
Highlights

ബധിന്‍ഡ: നാട്ടില്‍ മയക്കുമരുന്ന് വിറ്റെന്ന് ആരോപിച്ച് യുവാവിനെ ഗ്രാമവാസികള്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ ബധിന്‍ഡയിലായിരുന്നു സംഭവം. കൈയ്യും കാലും വെട്ടി മാറ്റപ്പെട്ട ശേഷവും ജനക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ ഇയാള്‍ മണിക്കൂറുകള്‍ക്കകം ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു.

ഗ്രാമവാസിയായ 25 വയസുകാരന്‍ വിനോദ് കുമാര്‍ എന്നയാളെ പ്രദേശത്ത് മയക്കുമരുന്ന് വിറ്റെന്നാരോപിച്ച് നാട്ടുകാര്‍ നേരത്തെ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് നാട്ടില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട ഇയാള്‍ ഏഴ് മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. ഗ്രാമത്തില്‍ പ്രവേശിച്ച ഉടനെ നാട്ടുകാരില്‍ ചിലര്‍ ഇയാളെ വളഞ്ഞിട്ട് മര്‍ദ്ദിക്കാന്‍ തുടങ്ങി. സ്ഥലത്തുണ്ടായിരുന്ന ചിലര്‍ ഇത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. കുപിതരായ നാട്ടുകാരില്‍ ചിലര്‍ ക്രൂരമായ മര്‍ദ്ദനത്തിനിടെ ഇയാളുടെ കൈയ്യും കാല്‍ പാദങ്ങളും വെട്ടിമാറ്റി. പൊലീസെത്തിയാണ് നാട്ടുകാരില്‍ നിന്ന് രക്ഷിച്ച് വിനോദ് കുമാറിനെ ആശുപത്രിയിലെത്തിച്ചത്. ഇയാള്‍ക്ക് സഹായം നല്‍കരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആശുപത്രിക്ക് ചുറ്റും കൂടി ബഹളം വെച്ചു. തുടര്‍ന്ന് ഇവിടെ നിന്ന് 45 കിലോമീറ്റര്‍ അകലെ ഫരീദ്കോട്ടിലുള്ള മറ്റൊരു ആശുപത്രിയിലേക്ക് പൊലീസുകാര്‍ മാറ്റുകയായിരുന്നു. എന്നാല്‍ ഇവിടെ പ്രവേശിപ്പിച്ച് അധികം കഴിയുന്നതിന് മുമ്പ് ഇയാള്‍ മരിച്ചു.

സംഭവത്തില്‍ അജ്ഞാതരായ വ്യക്തികളെ പ്രതിചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പഞ്ചാബ് ഗ്രാമങ്ങളിലെ തൊഴില്‍ രഹിതരായ യുവാക്കള്‍ പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ലഹരി മരുന്ന് എത്തിച്ച് വില്‍പ്പന നടത്തുന്ന സംഭവങ്ങള്‍ പതിവാണ്.

click me!